4 മാസം; കൊച്ചിയിൽ 1200 ലഹരിക്കേസുകൾ
കൊച്ചി: ഈ വർഷം ഏപ്രിൽ വരെ നാലു മാസത്തിനിടെ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ ലഹരിക്കേസുകളിൽ വർദ്ധന. ഇതുവരെ ആന്റി നാർക്കോട്ടിക് സെൽ 1200 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വാണിജ്യ അളവിലുള്ള 20 കേസുകളുമുണ്ട്. 2024 ൽ ആകെ 2600 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നിരിക്കെ, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ലഹരിക്കേസുകളുടെ എണ്ണം ഗണ്യമായി ഉയർന്നു.
'ബ്ലാക്ക് സ്‌പോട്ടുകൾ' 68 കൊച്ചി സിറ്റി പൊലീസ് പരിധിയിൽ ലഹരി വിതരണം സജീവമായി നടക്കുന്ന 68 സ്ഥലങ്ങളുടെ പട്ടിക നാർക്കോട്ടിക് സെൽ തയ്യാറാക്കിയിട്ടുണ്ട്. ഇവ 'ബ്ലാക്ക് സ്‌പോട്ടുകൾ' എന്നാണ് അറിയപ്പെടുന്നത്. രണ്ടോ അതിലധികമോ ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടിൽ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണം നടത്തുന്നു. പ്രദേശങ്ങൾ ഡാൻസഫിന്റെ നിരീക്ഷണ വലയത്തിലാണ്. കഴിഞ്ഞയാഴ്ച ഇടപ്പള്ളി, കളമശ്ശേരി ഭാഗങ്ങളിൽ നിന്ന് നാല് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായി.
രണ്ട് യുവതികൾ കരുതൽ തടങ്കലിലേക്ക്
സ്ഥിരമായി ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. വാണിജ്യപരമായ അളവിലുള്ള രണ്ട് ലഹരി കേസുകളിൽ ഉൾപ്പെട്ടാൽ കാപ്പ ചുമത്താൻ സാധിക്കും. ഈ വർഷം ഇതുവരെ 14 പേരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കാൻ ശുപാർശ ചെയ്തതിൽ ഏഴ് പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ ആറ് പേരെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ഒരാൾ മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശേഷിക്കുന്ന ഏഴ് പേർക്കെതിരെയുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇവരിൽ ലഹരി വിതരണക്കാരായ രണ്ട് യുവതികളും ഉൾപ്പെടുന്നു. എളങ്കുന്നപ്പുഴ സ്വദേശി മാഗി അഷ്‌ന, പൂനൈ സ്വദേശി അയിഷ ഗഫാർ എന്നിവരാണ് ഈ യുവതികൾ. കഴിഞ്ഞ വർഷം 11 പേരെയാണ് പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.
പ്രധാന ബ്ലാക്ക് സ്പോർട്ടുകൾ
സൗത്ത് കളമശ്ശേരി
കറുകപ്പള്ളി
എച്ച്.എം.ടി ജംഗ്ഷൻ
ഇൻഫോപാർക്ക്
ഇടപ്പള്ളി ടോൾ
തൃക്കാക്കര
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം
വിവേകാനന്ദ റോഡ്
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം
കുസാറ്റ് പരിസരം
എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ തുടങ്ങിയ രാസലഹരി വസ്തുക്കളുടെ വ്യാപകമായ ഒഴുക്കാണ് പ്രധാന കാരണം. ഇതിനോടൊപ്പം ഡാൻസഫിന്റെ ശക്തമായ നിരീക്ഷണവും കേസുകൾ വർദ്ധിക്കാനിടയാക്കി. 1200 കേസുകളിലായി 1250 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെ.എ. അബ്ദുൾസലാം
കമ്മിഷണർ
അസിസ്റ്റന്റ് സിറ്റി പൊലീസ്
ആന്റി നാർക്കോട്ടിക് സെൽ