ഉദയംപേരൂർ ഐ.ഒ.സിയിൽ തൊഴിലാളികൾ പണിമുടക്കിലേക്ക്
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐ.ഒ.സി) ഉദയംപേരൂരിലെ എൽ.പി.ജി ബോട്‌ലിംഗ് പ്ലാന്റിലെ ഹൗസ് കീപ്പിംഗ്, ലോഡിംഗ്, അൺലോഡിംഗ് എന്നീ വിഭാഗങ്ങളിലെ കരാറുകാർ മാസങ്ങളായി കരാർ പുതുക്കാൻ തയ്യാറാകാത്തതിനെതിരെ പണിമുടക്ക് മുന്നറിയിപ്പുമായി തൊഴിലാളികൾ. സമയബന്ധിതമായി കരാർ പുതുക്കാത്തതിനാൽ തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്നും വിഷയം അധികൃതരുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും തൊഴിലാളികൾ പറയുന്നു. 15 മുതൽ പണിമുടക്ക് ആരംഭിക്കുമെന്നും ഐ.എൻ.ടി.യു.സി ഐ.ഒ.സി യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് ജോൺ ജേക്കബ് അറിയിച്ചു.
വിഷയത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്ന നിലപായിലാണ് ഐ.ഒ.സി. എങ്കിലും കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 12ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ലേബർ ഓഫീസറിൽ നിന്ന് ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ എട്ട് ജില്ലകളിലേക്കുള്ള എൽ.പി.ജി വിതരണം നടക്കുന്നത് ഉദയംപേരൂരിലെ പ്ലാന്റിൽ നിന്നാണ്.
ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു
ടെൻഡർ സമയത്ത് കരാറുകാർ വളരെ മത്സരബുദ്ധിയോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും പിന്നീട് കരാർ ഇല്ലാത്തതു മൂലം തൊഴിലാളികൾക്ക് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു.
തൊഴിലാളികളുടെ ഇൻഷ്വറൻസ് പരിരക്ഷയും കമ്പനിയുടെ മെയിന്റനൻസ് പോലുള്ള കാര്യങ്ങളും കൃത്യമായി പാലിക്കപ്പെടുന്നില്ല.
ജോലിക്കിടെ അപകടങ്ങൾ സംഭവിച്ചാൽ സഹായവും ലഭിക്കുന്നില്ല
നൂറിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന പ്ലാന്റിൽ വൃത്തിയുള്ള ടോയ്‌ലറ്റ് പോലുമില്ല