'ഓപ്പറേഷൻ സുധാകർ' കോൺഗ്രസിന്റെ സർവ നാശത്തിന്:വെള്ളാപ്പള്ളി

Friday 09 May 2025 4:55 AM IST

ചേർത്തല: തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ അറിയപ്പെടാത്തതും സ്വാധീനമില്ലാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി പ്രസിഡന്റാക്കിയത് കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പാർട്ടിക്ക് മികച്ച നേട്ടങ്ങൾ നൽകിയ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് കോൺഗ്രസിന്റെ സർവനാശത്തിനാണ്. ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഓപ്പറേഷൻ സുധാകർ നടപ്പാക്കാനുള്ള തിരക്കിലായിരുന്നു.സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ കെ.പി.സി.സി പ്രസിഡന്റായിരുന്നു.തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ സുധാകരനെ മാറ്റിയത് കോൺഗ്രസിനെ ഇല്ലാതാക്കും.സാമാന്യ ബുദ്ധിയുളള ആരെങ്കിലും ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുമോ?​. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഊളൻപാറയിൽ കൊണ്ടു പോകണം.തദ്ദേശ തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ കോൺഗ്രസിൽ ഒരു യുദ്ധത്തിന് ആരെങ്കിലും വഴിയുണ്ടാക്കുമോ.സഭയുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് പുതിയ നിയമനമെന്നാണ് വിവരം. സാമുദായിക പരിഗണന മുൻനിറുത്തി ഇപ്പോൾ നടത്തിയിട്ടുള്ള പുന:സംഘടന കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം. പുന:സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സമൂഹത്തിലും സമുദായത്തിലും എന്ത് സ്വാധീനമുണ്ടെന്ന് മനസിലാക്കാൻ പാഴൂർ പടിവരെ പോകേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഓപ്പറേഷൻ

സിന്ദൂർ അഭിമാനം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യക്കാർക്ക് അഭിമാനമാണ്.സൈന്യം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ നിലം പരിശാക്കി.സൈന്യത്തെ അഭിനന്ദിക്കാം.നമ്മൾ ഇനിയും സൂക്ഷിക്കണം.തിരിച്ചടി ഇനിയും കൊടുക്കേണ്ടി വന്നാൽ ഇന്ത്യക്കാർ എല്ലാപിന്തുണയും നൽകണം. സൈന്യത്തിന്ന് എല്ലാ ആത്മബലവും നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.