മൂന്നാർ രാജപാത സാദ്ധ്യതാ പഠനം തുടങ്ങി; വിവിധ വകുപ്പുകൾ റിപ്പോർട്ട് നൽകും
കൊച്ചി: മൂന്നാറിലേക്കെത്താൻ എളുപ്പമുള്ള ഒരു രാജപാതയുടെ സാദ്ധ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാത നിർമ്മിക്കുമ്പോൾ വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് എന്തെങ്കിലും തടസമുണ്ടാകുമോ എന്നതടക്കമുള്ള വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്.
വിവിധ വകുപ്പുകളിൽ നിന്ന് വിവരം ശേഖരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. പുതിയ പാതവന്നാൽ നിലവിലുള്ള മൂന്നാറിലേക്കുള്ള ദൂരം ഏകദേശം 21 കിലോമീറ്റർ വരെ കുറയും. കുത്തനെയുള്ള കയറ്റങ്ങളുമില്ല. സാദ്ധ്യതാ പഠനം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ്) രാജേഷ് രവീന്ദ്രനെ സർക്കാർ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തി.
പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള 26 കിലോമീറ്റർ പാത മലയാറ്റൂർ-മൂന്നാർ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. പഴയ ആലുവ-മൂന്നാർ പാത കോതമംഗലം ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ നിന്ന് തുടങ്ങി മലയിൻകീഴ്, ചേലാട്, കീരംപാറ, പുന്നേക്കാട്, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, തോളുനട, കുഞ്ചിയാർ, കുന്ത്രപ്പുഴ, കുറത്തിക്കുടി, പെരുമ്പൻകുത്ത്, 50-ാം മൈൽ, നല്ലതണ്ണി, കല്ലാർ ടീ എസ്റ്റേറ്റ് വഴിയാണ് മൂന്നാറിൽ എത്തുന്നത്. ഈ പാതയിൽ തോളുനടയിൽ ഏകദേശം 42 മീറ്റർ നീളത്തിലും കുഞ്ചിയാറിൽ 62 മീറ്റർ നീളത്തിലും പാലങ്ങൾ നിർമ്മിക്കേണ്ടതായി വരും.
പ്രധാന വ്യാപാര പാത
രാജഭരണകാലത്ത് നിർമ്മിച്ച റോഡ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. കൊടുങ്ങല്ലൂരിനെ മധുരയുമായി ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന വ്യാപാര പാതയായിരുന്നു. 1924ലെ വലിയ പ്രളയത്തിൽ ഈ പാത തകർന്നു. കരിന്തിരി അടക്കമുള്ള പല പ്രദേശങ്ങളിലും റോഡ് തകർന്നെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പുനർനിർമ്മിക്കാൻ സാധിക്കും. യാഥാർത്ഥ്യമായാൽ, വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾക്ക് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് യാത്ര ചെയ്യാനാവും.
കോളനിവാസികളുടെ യാത്രാദുരിതം മാറും കുട്ടമ്പുഴ, അടിമാലി, മാങ്കുളം, ഏക ട്രൈബൽ ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി, കുറത്തിക്കുടി ട്രൈബൽ കോളനി എന്നിവിടങ്ങളിലെ താമസക്കാർക്ക് ഗതാഗത സൗകര്യം വർദ്ധിക്കുമെന്ന് റോഡ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യാനിക്കൽ പറഞ്ഞു. കുട്ടമ്പുഴയിൽ ഏകദേശം 16, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിൽ 13 വീതം ട്രൈബൽ കോളനികളുണ്ട്.
കാർഷികമേഖലയ്ക്ക് നേട്ടം
1. കുട്ടമ്പുഴ, പൂയംകുട്ടി, മണികണ്ഠൻചാൽ, കല്ലേലിമേട്, മാമലക്കണ്ടം, മാങ്കുളം എന്നിവിടങ്ങളിലെ കാർഷിക മേഖലയ്ക്ക് ഈ പാത ഗുണകരമാകും. തെങ്ങ്, റബ്ബർ, കാപ്പി, കുരുമുളക്, ഏലം, കൊക്കോ തുടങ്ങിയ വിളകൾ സമൃദ്ധമായി വളരുന്ന പ്രദേശമാണിത്. 2. മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തുനിന്ന് ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടമലക്കുടി സൊസൈറ്റിക്കുടിയിൽ എത്താൻ സാധിക്കും. നിലവിൽ ഇവിടേക്ക് കാൽനടയാത്രമാത്രമാണ് സാദ്ധ്യം.