മുൻ എം.എൽ.എ എസ്. രാജേന്ദ്രന്റെ വീടും സ്ഥലവും റവന്യൂവകുപ്പ് ഏറ്റെടുത്തു

Friday 09 May 2025 4:15 AM IST

ഏറ്റെടുത്തത് രാജേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന്

മൂന്നാർ: മുൻ എം.എൽ.എ എസ്.രാജേന്ദ്രന്റെ കൈവശമിരുന്ന ഇക്കാ നഗറിലെ ഭൂമിയും കെട്ടിടവും പൊലീസ് കാവലിൽ റവന്യൂ വകുപ്പ് ഏറ്റെടുത്തു. വീട് ദേവികുളം ഭൂമി പതിവ് (എൽ.എ) സ്പെഷ്യൽ തഹസിൽദാരുടെ ഓഫിസാക്കി മാറ്റിയെന്ന ബോർഡ് സ്ഥാപിച്ചു. ബുധനാഴ്ചപുലർച്ചെ 5.30നു ദേവികുളത്തുനിന്നും പുറപ്പെട്ട റവന്യു സംഘം എട്ടോടെ നടപടികൾ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജേന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഭൂമിയും വീടും ഏറ്റെടുക്കാൻ കളക്ടർ വി.വിഘ്നേശ്വരി ഉത്തരവിട്ടത്. ഇവിടെനിന്ന് 400 മീറ്റർ അകലെയുള്ള വീട്ടിലാണു രാജേന്ദ്രൻ താമസിക്കുന്നത്. ഇക്കാനഗറിനു സമീപമുള്ള എം.ജി നഗറിൽ സർവേ നമ്പർ 912ൽ പെട്ട 5.68 സെന്റും വീടുമാണ് സ്പെഷൽ റവന്യു തഹസിൽദാർ എം. ഹരികുമാറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. തകർന്ന കെട്ടിടം ഓഫിസായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തഹസിൽദാർ തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.നിലവിൽ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് രാജേന്ദ്രൻ തമിഴ്നാട്ടിലാണെന്നാണ് അറിയിച്ചിരിക്കുന്നത്.