യുദ്ധ ഭീതിയിൽ കാലിടറി ഇന്ത്യൻ നിക്ഷേപകർ
ഓഹരി, രൂപ, കടപ്പത്രങ്ങളിൽ വിൽപ്പന സമ്മർദ്ദം
കൊച്ചി: ഇന്ത്യയും പാകിസ്ഥാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിൽ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചതോടെ രാജ്യത്തെ ഓഹരി, നാണയ, കടപ്പത്ര വിപണികൾ ഇടിഞ്ഞു. തുടക്കത്തിൽ സ്ഥിരതയോടെ നീങ്ങിയ സെൻസെക്സും നിഫ്‌റ്റിയും ഉച്ചയ്ക്ക് ശേഷം സംഘർഷം ശക്തമാകുമെന്ന സൂചനകളെ തുടർന്നാണ് മൂക്കുകുത്തിയത്. ഉത്തര, പശ്ചിമ ഇന്ത്യയിലെ പല കേന്ദ്രങ്ങളിലേക്കും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയെന്ന വാർത്തകളാണ് നിക്ഷേപകരെ ആശങ്കാകുലരാക്കിയത്. സെൻസക്‌സ് 411.97 പോയിന്റ് ഇടിവോടെ 80,334.81ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 140.60 പോയിന്റ് നഷ്‌ടത്തോടെ 24,273.80ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത തകർച്ചയാണുണ്ടായത്. വാഹന, എഫ്.എം.സി.ജി, ബാങ്കിംഗ്, ഫാർമ്മ മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. അതേസമയം ഐ.ടി, മാദ്ധ്യമ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കി. അമേരിക്കയും യു.കെയുമായി പുതിയ വ്യാപാര കരാർ ഒപ്പുവക്കുമെന്ന വാർത്തകൾ ആഗോള വിപണികൾക്ക് ഇന്നലെ ആവേശം പകർന്നു.
കറാച്ചി ഓഹരി എക്സ്‌ചേഞ്ച് പ്രവർത്തനം നിറുത്തി
ഇന്ത്യയുമായുള്ള രാഷ്ട്രീയ സംഘർഷത്തിൽ ഓഹരി വിലത്തകർച്ച രൂക്ഷമായതോടെ കറാച്ചി സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നിരവധി മണിക്കൂർ പ്രവർത്തനം നിറുത്തി. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് രണ്ടാം ദിവസവും കനത്ത തകർച്ചയാണ് പാക് ഓഹരികൾക്കുണ്ടായത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ കറാച്ചി ഓഹരി സൂചിക എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.
നിലതെറ്റി രൂപ
യുദ്ധം ഭീഷണി കണക്കിലെടുത്ത് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 85 പൈസ കുറഞ്ഞ് 85.61ൽ അവസാനിച്ചു. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ സൈന്യം നിർവീരമാക്കിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് നിക്ഷേപകരുടെ പിന്മാറ്റം ശക്തമായത്.
നിക്ഷേപകർ ഉറ്റുനോക്കുന്നത്
1. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ സൈനിക നടപടിയുടെ തീവ്രത
2. ഇന്തോ പാക് സംഘർഷത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട്
3. അമേരിക്കയും യു.കെയുമായുള്ള വ്യാപാര കരാറിലെ വിശദാംശങ്ങൾ