കല്യാൺ ജുവലേഴ്‌സിന് 25,045  കോടി രൂപ വിറ്റുവരവ്

Friday 09 May 2025 12:44 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കല്യാൺ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയിൽ നിന്ന് 25,045 കോടി രൂപയായി ഉയർന്നു. വിറ്റുവരവിൽ 35 ശതമാനം വർദ്ധനയാണുണ്ടായത്. മൊത്തം ലാഭം 714 കോടി രൂപയാണ്. മുൻ വർഷം 596 കോടി രൂപ രൂപയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ മൊത്തം വിറ്റുവരവ് 6,182 കോടി രൂപയാണ്. ലാഭം 188 കോടി രൂപയാണ്. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുളള ലാഭം 185 കോടി രൂപയാണ്. ഗൾഫ് മേഖലയിൽ നാലാം പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 784 കോടി രൂപയായി ഉയർന്നു. ഗൾഫ് മേഖലയിലെ ലാഭം 12 കോടി രൂപയാണ്. കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ നാലാം പാദ വിറ്റുവരവ് 28 കോടി രൂപയായെങ്കിലും 12 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫലങ്ങൾ ഏറെ സംതൃപ്തി നൽകുന്നതാണെന്നും നടപ്പുവർഷം വിവാഹ പർച്ചേസുകളിലും അക്ഷയ തൃതീയ ദിനത്തിലും മികച്ച ഉണർവുണ്ടായെന്നും കല്യാൺ ജുവലേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.