ലഹരിമുക്തിക്കായി 'പുനർജനി ' , ഒരു വർഷം, ചികിത്സ തേടിയത് 369 പേർ

Friday 09 May 2025 12:02 AM IST

കോഴിക്കോട് ; ലഹരിക്കെണിയിൽപെട്ടവർക്ക് രക്ഷാകവചമൊരുക്കി 'പുന‌ർജനി '. ജില്ലയിൽ ഒരു വർഷത്തിനിടെ ഹോമിയോ വകുപ്പിന്റെ പദ്ധതിയിലൂടെ ചികിത്സ തേടിയത് 369 പേർ. തുടർച്ചയായ ചികിത്സയിലൂടെ മൂന്ന് മാസത്തിനകം രോഗിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും. സൗജന്യ മരുന്നുകൾക്ക് പുറമെ രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യാനുസരണം കൗൺസിലിംഗും യോഗ പരിശീലനവും നൽകുന്നു. ആവശ്യമായവർക്ക് കിടത്തി ചികിത്സാ സൗകര്യവും ലഭ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും പദ്ധതിയുടെ കീഴിൽ നടപ്പാക്കി വരുന്നു.

പുനർജനി

2012 ൽ സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സീതാലയത്തിനു കീഴിലാണ് പുനർജനി പദ്ധതി നടപ്പാക്കുന്നത്. ലഹരി വിമുക്തി ചികിത്സക്കെത്തുന്ന രോഗികൾക്ക് സൗജന്യമായി

മരുന്നുകളും കിടത്തിചികിത്സയും ആവശ്യാനുസരണം രോഗികൾക്കും, കുടുംബാംഗങ്ങൾക്കും കൗൺസിലിംഗും ലഭ്യമാക്കും.

ജില്ലയിൽ ഒരു കേന്ദ്രം

എരഞ്ഞിക്കൽ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ലഹരി മുക്തിക്കായി ചികിത്സകൾ നടക്കുന്നത്. എല്ലാ ആഴ്ചകളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഇവിടെ ഒരു മെഡിക്കൽ ഓഫീസറുടെയും സെെക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാകും. ജില്ലയിലെ താലൂക്ക് ഹോമിയോ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവിടങ്ങളിൽ നിന്നുമുള്ള റഫറൻസ് രോഗികൾക്കും അല്ലാതെയെത്തുന്നവർക്കും ഇവിടെ ചികിത്സ ലഭ്യമാകും. ആവശ്യമായവർക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവുമുണ്ട്. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി 0495 2462110 എന്ന നമ്പറിൽ ബന്ധപ്പെടാം.

'' പാർശ്വഫലങ്ങളില്ലാത്തതിനാൽ കൂടുതൽ പേർ ലഹരിമുക്തിക്കായി ഹോമിയോ ചികിത്സയിലേക്ക് കടന്നുവരുന്നുണ്ട്. മറ്റ് ലഹരിമോചന ചികിത്സകളെ അപേക്ഷിച്ച് ചെലവും കുറവാണ്.

- ഡോ.യു. രഞ്ജിത്ത് ചന്ദ്ര , പുനർജനി പദ്ധതി ജില്ലാ കൺവീനർ