താണാവിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

Friday 09 May 2025 1:02 AM IST

പാലക്കാട്: ഒലവക്കോട് താണാവിലെ ബീവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും പിടിച്ചുപറിയും തുടരുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. മദ്യം വാങ്ങാനെത്തുന്നവരെയും വഴിയാത്രക്കാരെയും ആക്രമിച്ച് പണം തട്ടുന്നത് പതിവാകുന്നു. ഈ മാസം നാലിന് രാത്രി താണാവ് വഴി നടന്നുപോകുകയായിരുന്ന വൃദ്ധനെ ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ റോഡരികിലെ അഴുക്കുചാലിലേക്ക് തള്ളിയിട്ടു. രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു സംഭവം. പുതുപ്പരിയാരം പൂച്ചിറ സ്വദേശിയായ എഴുപത്തിരണ്ടുകാരനെയാണ് ആക്രമിച്ചത്. നടന്നുപോവുകയായിരുന്ന വൃദ്ധനെ നൂറുരൂപ ആവശ്യപ്പെട്ടാണ് ആക്രമിച്ചത്. അത് നൽകാൻ കൂട്ടാക്കാതിരുന്നതോടെ ഓടയിലേക്ക് തള്ളിയിട്ടു. സ്ലാബ് ഇല്ലാത്ത ഭാഗത്ത് ഓടയിൽ അകപ്പെട്ട 72കാരനെ പിറ്റേന്ന് രാവിലെയാണ് പുറത്തെടുത്തത്. രാത്രി വൈകിയും വൃദ്ധനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമെന്നും നടന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി മുഴുവൻ ഓടയിൽ കിടന്ന വൃദ്ധനെ രാവിലെ അതുവഴി വന്നവരാണ് പുറത്തെടുത്തത്. തുടർന്ന് ഓട്ടോറിക്ഷയിൽ കയറി വീട്ടിലെത്തുകയായിരുന്നു.

കാര്യക്ഷമമല്ലാതെ അധികൃതർ താണാവിൽ രാത്രി കാലങ്ങളിൽ പിടിച്ചുപറി നടക്കുന്നതായുള്ള പരാതി വ്യാപകമാണ്. ബീവറേജ് ഔട്ട്‌ലെറ്റ് നിൽക്കുന്ന ഭാഗം ടൗൺ നോർത്ത് പൊലീസ് പരിധിയിലും റോഡിന് എതിർവശം ഹേമാംബിക നഗർ പൊലീസ് പരിധിയിലുമാണ്. എന്നാൽ രാത്രികാലങ്ങളിൽ ഇവിടേക്ക് ഒരു പൊലീസും തിരിഞ്ഞുനോക്കാറില്ല. മദ്യം വാങ്ങാൻ എത്തുന്നവരെ സമീപിച്ച് വരിനിൽക്കാതെ മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങുന്നതും 50, 100 രൂപ ആവശ്യപ്പെട്ട് പിടിച്ചുപറിക്കുന്നതും ഇവിടെ പതിവാണ്.