സഭാ നേതൃത്വവുമായി അടുത്ത ബന്ധം ; പ്രവർത്തകർക്ക് സണ്ണിവക്കീൽ 

Friday 09 May 2025 12:22 AM IST

കണ്ണൂർ: കെ. സുധാകരനുമായി ഏറ്റവും അടുപ്പം പുലർത്തുന്ന കണ്ണൂരിലെ നേതാവായാണ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയപ്പെടുന്നത്. 2004ൽ പി.പി തങ്കച്ചൻ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അദ്ധ്യക്ഷനായതിന് ശേഷം ഇതുവരെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിനന് ആരും കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ എത്തിയിരുന്നില്ല. എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിൽ ക്രൈസ്തവ നേതാക്കൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് സഭാ നേതൃത്വം നിരന്തരം പരാതി ഉന്നയിക്കുന്നതിനിടെയാണ് സണ്ണി ജോസഫിന് നിയോഗം ലഭിച്ചത്.. സഭാ നേതൃത്വവുമായി സണ്ണി ജോസഫിന് നല്ല അടുപ്പമാണ്. സഭയുടെ ഭാഗത്ത് നിന്നുള്ള സമ്മർദത്തിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി പ്രസിഡന്റായി തന്നെ നിയോഗിച്ചതെന്ന ആരോപണങ്ങൾക്ക്, താനൊരു മതേതര പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണെന്നും എല്ലാ മതവിശ്വാസികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് സണ്ണി ജോസഫിന്റെ മറുപടി. കണ്ണൂർ ഡി.സി.സി. അദ്ധ്യക്ഷനായിരിക്കെ കണ്ണൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന സണ്ണി ജോസഫ് ജില്ലയിലെ പ്രവർത്തകരുടെ പ്രിയപ്പെട്ട സണ്ണി വക്കീലാണ്.

സണ്ണി ജോസഫ്

കണ്ണൂർ ജില്ലയിലെ ഉളിക്കൽ പഞ്ചായത്തിലെ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫ്- റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനാണ്. ഉളിക്കൽ, എടൂർ കിളിയന്തറ സ്‌കൂളുകളിൽ പഠിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദം,വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂണിയനംഗവും കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിയുമായിരുന്നു. കോഴിക്കോട് ലോ കോളേജിൽ വിദ്യർത്ഥിയായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് തല കമ്മിറ്റി പ്രസിഡന്റ് തുടർന്ന് ഇരിക്കൂർ നിജയാജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ്ര്, യു.ഡി.എഫ് ജില്ലാ ചെയർമാൻ തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. ഉളിക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.. മട്ടന്നൂർ, തലശ്ശേരി കണ്ണൂർ കോടതികളിൽ അഭിഭാഷകനായി . മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. 2011ൽ പേരാവൂർ നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ കെ.കെ.ശൈലജയെ പരാജയപ്പെടുത്തി 2016 ലും 2021 ലും വിജയം ആവർത്തിച്ചു.നിലവിൽ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാണ്. നിയമസഭയിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി. കെ.പി.സി.സി രാഷ്ട്രീയ കാര്യാ സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു.ഭാര്യ: എൽസി ജോസഫ്. മക്കൾ :ആശ റോസ്, ഡോ.അഞ്ജു റോസ്.