ഭക്തിയും ആവേശവും നിറഞ്ഞ് ചെമ്പെടുപ്പ് റാസ

Friday 09 May 2025 12:23 AM IST

ചന്ദനപ്പള്ളി : വിശ്വാസസാഗരത്തെ സാക്ഷിയാക്കി ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ചെമ്പെടുപ്പ് സമാപിച്ചു. തിരുശേഷിപ്പ് കബറിടത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നതിനും ചെമ്പിൽ അരി സമർപ്പിക്കുന്നതിനുമായി ആയിരക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തിയത് ചന്ദനപ്പള്ളിയെ ഭക്തിസാന്ദ്രമാക്കി.

രാവിലെ അങ്ങാടിക്കൽ മേക്കാട്ട് കുടുംബ കാരണവർ ആദ്യം ചെമ്പിൽ അരി ഇട്ടു. തുടർന്നു വിശ്വാസികളും അരി ഇട്ടു. പാതി വേവിച്ച ചോറ് തയ്യാറാക്കാൻ ചെമ്പിൽ ആദ്യ കുടംവെള്ളം ട്രസ്റ്റി വർഗീസ് കെ ജെയിംസ് , സെക്രട്ടറി ഷാജി തോമസ് എന്നിവർ പകർന്നു. വികാരി ഫാ.സുനിൽ എബ്രഹാമും സഹവികാരി ഫാ.ജോബിൻ യോഹന്നാനും അടുപ്പിൽ വിറകിടിൽ നടത്തി.

മൂന്നിന്മേൽ കുർബാനയ്ക്ക് കാതോലിക ബാവ, കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത, ഡോ.യൂഹാനോൻ മാർ ദിമത്രിയോസ്, ഡോ.എബ്രഹിം മാർ സെറാഫിം എന്നിവർ കാർമികത്വം വഹിച്ചു. തുടർന്നു നടന്ന തീർത്ഥാടക സംഗമം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ.എബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് നൽകി ആദരിച്ചു. സഭ സെക്രട്ടറി ബിജു ഉമ്മൻ, അത്മായ ട്രസ്റ്റീ റോണി വർഗ്ഗീസ്, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, ബാബുജി കോശി, പ്രീത് ജി ജോർജ്, എം.പി.ഷാജി, ഷെയ്ൻ ജസ്റ്റസ്, ടി കെ വർഗീസ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ദേവാലയത്തിൽ നിന്ന് ചന്ദനപ്പള്ളി ജംഗ്ഷനിലേക്ക് പകൽ റാസ നടന്നു. ജംഗ്ഷനിൽ മന്ത്രി പി.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. അനിൽ പി വർഗീസ്, ഡോ.ജോർജ് വർഗീസ് കൊപ്പാറ, ജസ്റ്റസ് നാടാവള്ളിൽ, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി വർഗീസ്, ആരോൺ ജി.പ്രീത്, സെബിൻ ബാബു എന്നിവർ നേതൃത്വം നൽകി. റാസ തിരികെ ചെമ്പിൻമൂട്ടിൽ എത്തിയപ്പോൾ പാതി വേവിച്ച അരികൾ നിറച്ച ചെമ്പുകൾ തയ്യാറാക്കി വച്ചിരുന്നു. അംശ വസ്ത്രം ധരിച്ച വൈദികർ ചെമ്പിൽ സ്ലീബ ചാർത്തിയതോടെ നൂറു കണക്കിന് വിശ്വാസികൾ ഹായ്.. ഹോയ് വിളികളോടെ ഇരുചെമ്പുകളും അന്തരീക്ഷത്തിലേക്കുയർത്തി.

റോഡിന് ഇരുവശവും തിങ്ങി നിറഞ്ഞു നിന്ന വശ്വാസികൾ വെറ്റിലയും പൂക്കളും കുരുമുളകും എറിഞ്ഞു സ്വീകരിച്ചു. കുതിരപ്പുരയ്ക്ക് സമീപം എത്തിച്ച ചെമ്പും ചോറും കൽക്കുരിശിന് മൂന്നുവട്ടം വലംവെച്ച് കുതിരപ്പുരയിൽ ഇറക്കിവച്ചു. പ്രസാദമായി നൽകിയ നേർച്ച അരി വിശ്വാസികൾ ഭവനങ്ങളിലേക്ക് കൊണ്ടുപോയി. തുടർന്ന് താളവിസ്മയം, നാടകം എന്നിവ നടന്നു. മേയ് 11ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.