അടൂർ പ്രകാശിന് സപ്തതി നിറവിൽ വലിയ സമ്മാനം

Friday 09 May 2025 12:24 AM IST

യു.ഡി.എഫ് കൺവീനറാകുന്ന ആദ്യ പത്തനംതിട്ടക്കാരൻ

പത്തനംതിട്ട : തോൽവിയറിയാത്ത നേതാവാണ് അടൂർ പ്രകാശ്. കൈവച്ച മേഖലകളിലൊക്കെ തിളങ്ങുന്ന പ്രകടനം. കോൺഗ്രസിലെ ഒാരോ പ്രവർത്തകനെയും തിരിച്ചറിഞ്ഞ് പേര് വിളിക്കുകയും വീടുകൾ അറിയുകയും ചെയ്യുന്ന ജനകീയൻ. പതിനഞ്ചു വർഷം ഇടതുകോട്ടയായിരുന്ന കോന്നി നിയമസഭാ മണ്ഡലത്തിൽ അട്ടിമറി വിജയം നേടുകയും തുടർച്ചയായി അഞ്ചു തവണ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ചെങ്കൊടിയിൽ ചുവന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തെ ത്രിവർണ പതാക ഉയർത്തി യു.ഡി.എഫിനൊപ്പം ചേർത്തു നിറുത്തിയ ചരിത്ര നേട്ടത്തിനവകാശി. കോൺഗ്രസിന്റെ ഒാരോ ബൂത്ത് കമ്മി​റ്റികളിലും നേരിട്ടെത്തി സംഘടനയെ ചലിപ്പിക്കുന്ന മികച്ച സംഘാടകൻ. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചപ്പോൾ യോഗ്യത വേണ്ടതിലധികമുണ്ടായിരുന്നു അടൂർ പ്രകാശിന്.

ഇൗ മാസം 24ന് അദ്ദേഹത്തിന് 70 വയസ് തികയും. സപ്തതി നിറവിൽ വലിയൊരു സമ്മാനവും ഉത്തരവാദിത്വവുമാണ് കോൺഗ്രസ് ദേശീയ നേതൃത്വവും കെ.പി.സി.സിയും അടൂർ പ്രകാശിന് നൽകിയത്. ആദ്യമായാണ് പത്തനംതിട്ട ജില്ലാക്കാരനായ ഒരു നേതാവ് യു.ഡി.എഫ് കൺവീനറാകുന്നത്.

യു.ഡി.എഫ് മന്ത്രിസഭകളിൽ ഭക്ഷ്യ സിവിൽ സപ്ളൈസ്, ആരോഗ്യം, റവന്യു വകുപ്പ് മന്ത്രിയായിരിക്കെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുകയും ഭൂരഹിതർക്ക് പട്ടയവിതരണം തുടങ്ങി വയ്ക്കുകയും ചെയ്തു.

1955 മേയ് 24ന് എം.കുഞ്ഞുരാമന്റെയും വി.എം.വിലാസിനിയുടെയും മകനായി അടൂരിൽ ജനിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമാണ്. 1991 മുതൽ 2016 വരെ തുടർച്ചയായി അഞ്ചു തവണ നിയമസഭയിൽ കോന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കെ.എസ്.യു കൊല്ലം ശ്രീനാരായണ കോളേജ് യൂണിറ്റ് പ്രസിഡന്റായാണ് സംഘടനാ പ്രവർത്തനം ആരംഭിച്ചത്. കൊല്ലം താലൂക്ക് കമ്മി​റ്റി പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാഡമി ലോ കാേളേജിൽ നിന്ന് ബി.എ, എൽ.എൽ.ബി ബിരുദം നേടി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം യൂത്ത് കോൺഗ്രസിൽ അടൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി പൊതുപ്രവർത്തനം തുടങ്ങി.

പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചു. പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, ജോയിന്റ് സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ജയശ്രീ പ്രകാശ്. മൂന്ന് മക്കളുണ്ട്.