സസ്പെൻഷനിലായ നാല് വനപാലകർ ജോലിയിൽ തിരികെ പ്രവേശിച്ചു

Friday 09 May 2025 12:31 AM IST

കോന്നി : ഇക്കോ ടൂറിസം സെന്ററിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസുകാരൻ മരി​ച്ചതി​നെ തുടർന്ന് നടപടി നേരിട്ട നാലു വനപാലകർ ജോലിയിൽ തിരികെ പ്രവേശിച്ചു. നാലുപേരുടെയും സസ്പെൻഷൻ പിൻവലിച്ചു. നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് നടപടി പിൻവലിച്ചത്. നാലുവയസുകാരന്റെ മരണത്തിൽ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്.

മനുഷ്യ വന്യജീവി സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കേണ്ടിവന്നതെന്നാണ് വനം വകുപ്പ് വിശദീകരണം. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കോൺക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.അനിൽകുമാറിനെ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.കമലാഹറും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ റാന്നി ഡി.എഫ്‌.ഒ ജയകുമാർ ശർമ്മയുമാണ് സസ്പെൻഡ് ചെയ്തത്.