സ്ത്രീകളിൽ ഡിജിറ്റൽ ശാക്തീകരണം , ശ്രദ്ധേയമായി കുടുംബശ്രീ സെമിനാർ
കോഴിക്കോട്: സ്ത്രീകളുടെ ഡിജിറ്റൽ ശാക്തീകരണത്തിലേക്ക് വഴിതുറന്നും സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുടുംബശ്രീ സെമിനാർ. 'എന്റെ കേരളം' പ്രദർശനവിപണന മേളയുടെ ഭാഗമായാണ് 'കുടുംബശ്രീയും സ്ത്രീകളുടെ ഡിജിറ്റൽ ശാക്തീകരണവും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ പുത്തൻ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജി കേരളം, ഡിജിറ്റൽ സാക്ഷരത, ഡിജിറ്റൽ രംഗത്തെ തൊഴിൽസാദ്ധ്യത, നിർമിതബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. എൽ ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി അസി. ഡയറക്ടർ സജിന സത്താർ മോഡറേറ്ററായി. കുടുംബശ്രീ ഗവേണിംഗ് എക്സിക്യൂട്ടീവ് അംഗം കെ.കെ ലതിക, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി കവിത തുടങ്ങിയവർ പങ്കെടുത്തു.