തോൽവി അറിയാത്ത ഷാഫി പറമ്പിൽ
തോൽവി അറിയാത്ത
ഷാഫി പറമ്പിൽ
തിരുവനന്തപുരം:മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം വരിച്ച കോൺഗ്രസിന്റെ ഊർജ്ജസ്വലനായ യുവ നേതാവാണ് ഷാഫി പറമ്പിൽ.നിലവിൽ വടകരയിൽ നിന്നുള്ള ലോക് സഭാംഗമാണ്. കഴിഞ്ഞ വർഷമാണ് ലോക്സഭയിലേക്ക് മത്സരിച്ചത്.അതിന് മുമ്പ് മൂന്ന് തവണ പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. 2011മുതൽ ജനപ്രതിനിധിയാണ്. പാലക്കാട് പട്ടാമ്പിയിലെ ഓങ്ങല്ലൂർ സ്വദേശിയായ ഷാഫി പട്ടാമ്പി സർക്കാർ കോളേജിലും തൃശ്ശൂർ വെസ്റ്റ് ഫോർട്ട് കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.എം.ബി.എ ബിരുദധാരിയാണ്.കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ ഷാഫി കെ.എസ്.യു.പാലക്കാട് ജില്ലാപ്രസിഡന്റായും പിന്നീട് കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മാതാപിതാക്കൾ: ഷാനാവാസ്,മൈമുന,ഭാര്യ അഷില.ഒരുഹമകളുണ്ട്.
മലപ്പുറത്തെ കരുത്തൻ
എ.പി.അനിൽകുമാർ
മലപ്പുറത്തെ കോൺഗ്രസിന്റെ കരുത്തനായ നേതാവും വണ്ടൂരിൽ നിന്ന് കാൽനൂറ്റാണ്ടായി തുടർച്ചയായി നിയമസഭാംഗവുമാണ് എ.പി.അനിൽകുമാർ,നിലവിൽ എ.ഐ.സി.സി.അംഗമാണ്.കെ.എസ്.യു.വിലൂടെ പൊതുരംഗത്തെത്തി ജില്ലാവൈസ് പ്രസിഡന്റായി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.രണ്ടുതവണ സംസ്ഥാനത്ത് മന്ത്രിസഭാംഗമായി. പിന്നാക്ക ക്ഷേമം,സാംസ്ക്കാരികം,പട്ടികജാതി ക്ഷേമം,ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തു. കാർഷിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായിരുന്നു. പെരിന്തൽമണ്ണ പി.ടി.എം.കോളേജിലായിരുന്നു വിദ്യാഭ്യാസം, മാതാപിതാക്കൾ: അക്കരപുരക്കൽ ബാലൻ, ദേവകി,ഭാര്യ: പ്രസീജ,മക്കൾ: അർജ്ജുൻ,അമൽ.
നേതൃ പാടവവുമായി
പി.സി.വിഷ്ണുനാഥ്
വളരെ പെട്ടെന്ന് പാർട്ടിയിൽ വളർന്നുവന്ന യുവനേതാവാണ് പി.സി.വിഷ്ണുനാഥ്. കെ.എസ്.യുവിലൂടെ പ്രസ്ഥാനത്തിലെത്തി.കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സംസ്ഥാന പ്രസിഡന്റായി. കെ.പി.സി.സി.ജനറൽ സെക്രട്ടറി, എ.ഐ.സി.സി.സെക്രട്ടറി, കേരള സർവ്വകലാശാല സെനറ്റംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചു.നിയമബിരുദധാരിയാണ്. 2006ലും 2011ലും ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലെത്തി. 2021മുതൽ കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗം.നിലവിൽ കെ.പി.സി.സി.വൈസ് പ്രസിഡന്റുമാണ്. മാതാപിതാക്കൾ മാവടി ചെല്ലപ്പൻപിള്ള,ലീല,ഭാര്യ: കനകഹാമ.