ഇനി തീരുമാനം പാകിസ്ഥാന്റേത്
പാക് അതിർത്തിയിലെ സംഘർഷാവസ്ഥ എത്രനാൾ ഇങ്ങനെ തുടരും. അത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നൊക്കെ ജനം ചിന്തിക്കുന്നുണ്ട്. ആശങ്കയും അനിശ്ചിതത്വങ്ങളും സ്വാഭാവികമാണ്. ഇന്ത്യയെ സംബന്ധിച്ച് അത് വലിയ ഭീഷണിയാവില്ലെന്നതാണ് സത്യം. കാരണം സാമ്പത്തികമായി ഇന്ത്യ കരുത്തുറ്റ നിലയിലാണ്. ഇത്തരം സാഹചര്യത്തിൽ പാകിസ്ഥാൻ സാമ്പത്തികമായി മൂക്കുകുത്തുമെന്നും ഇന്ത്യയെ അത് ബാധിക്കില്ലെന്നുമാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മൂഡി റേറ്റിംഗ് ഏജൻസിയുടെ വിലയിരുത്തൽ.
എങ്കിലും യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന പരിതസ്ഥിതിയിൽ രാജ്യത്തിന്റെയും സർക്കാരിന്റെ ശ്രദ്ധ മാറുന്നത് വികസനത്തെ ചെറിയ തോതിലെങ്കിലും ബാധിക്കാം. ഈ സാഹചര്യം പാകിസ്ഥാൻ സൃഷ്ടിച്ചതാണ്. നാളെയും നാം വികസനപാതയിൽ തുടരണമെങ്കിൽ ഇത്തരം ഭീഷണികളെ നേരിട്ട് ഇല്ലാതാക്കുകയാണ് ബുദ്ധി. വെല്ലുവിളി ധൈര്യപൂർവം നേരിടുകയാണ് ഉചിതം. പാകിസ്ഥാന്റെ ദുർബലാവസ്ഥ നല്ല അവസരവുമാണ്. നാം ഒന്നും ചെയ്തില്ലെങ്കിലും ബലൂചിസ്ഥാനിൽ ഉൾപ്പടെയെുള്ള ആഭ്യന്തര പ്രശ്നങ്ങൾ പാകിസ്ഥാനെ ശിഥിലീകരണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ അതുവരെ നിസംഗരായി പാക് സാഹസങ്ങളെ സഹിക്കേണ്ടതില്ല.
പാകിസ്ഥാന്റെ സൈന്യത്തിനെയോ സിവിലിയൻമാരെയോ ലക്ഷ്യമിടുന്നില്ലെന്ന വ്യക്തമായ സന്ദേശം ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ നൽകിയതാണ്. അത് കണക്കാക്കാതെ അവർ ഡ്രോണും മിസൈലുകളും ഉപയോഗിച്ച് നമ്മുടെ 15 സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി. ഇന്ത്യൻ മിസൈൽ പ്രതിരോധ സംവിധാനം സുശക്തമായതുകൊണ്ട് അതൊന്നും ഫലവത്തായില്ല. ഒരു നഷ്ടവുമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല.
മറുപടിയായാണ് ഇന്ത്യ ഇന്നലെ പട്ടാപ്പകൽ ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനത്തെ തകർത്തത്. അതുപോലെ തന്നെ റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മറ്റ് മൂന്നു നാലിടങ്ങളിലും ഡ്രോൺ ആക്രമണം നടത്തി. എന്ത് ചെയ്താലും യുക്തമായ തിരിച്ചടിയുണ്ടാകുമെന്ന പഴയ മുന്നറിയിപ്പ് ഇന്ത്യ വീണ്ടും ആവർത്തിച്ച് പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു. ഇനി പാകിസ്ഥാൻ അടങ്ങിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കപ്പെടൂ എന്നതാണ് യാഥാർത്ഥ്യം.
പാഠം പഠിക്കാതെ പാക് സൈന്യം
പാഠം പഠിക്കാതെ പാക് സൈന്യം വീണ്ടും സാഹസങ്ങൾക്ക് മുതിർന്നാൽ ഇന്ത്യ മൗനം പാലിക്കില്ല. അത് തുറന്ന യുദ്ധത്തിലേക്കും നയിച്ചേക്കാം. അത് നേരിടാൻ നമ്മുടെ സൈന്യം സുസജ്ജമാണ്. തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി. അപക്വമായ എന്തെങ്കിലും പ്രവൃത്തി സൈന്യത്തിനോ ഇന്ത്യൻ സിവിലിയൻസിനോ നേരെ അവർ ചെയ്യാനിടയില്ല. ചെയ്താൽ അവർ വലിയ വില കൊടുക്കേണ്ടിവരും. ഇന്നലെ നടന്ന സൈനിക വാർത്താ സമ്മേളനത്തിലും ഒരു അർത്ഥശങ്കയ്ക്കുമിടയില്ലാത്ത വിധം ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. ഇനി തീരുമാനം പാകിസ്ഥാന്റേതാണ്. പ്രശ്നം കൂടുതൽ വഷളാക്കണമോ,അതോ ഇവിടം കൊണ്ട് നിറുത്തണോ എന്ന് അവർക്ക് തീരുമാനിക്കാം.