പാകിസ്ഥാനെ പ്രഹരിക്കുക പത്തിരട്ടി ശക്തിയിൽ
പാകിസ്ഥാനെ അതിർത്തി കടക്കാതെ പ്രഹരിക്കാൻ ഇന്ത്യയ്‌ക്ക് എല്ലാ കഴിവും ശേഷിയും കരുത്തുമുണ്ട്. ആവശ്യമെങ്കിൽ പാകിസ്ഥാനിൽ കയറി പ്രഹരിക്കാനും നമുക്ക് കഴിവുണ്ട്. നിയന്ത്രണരേഖ കേന്ദ്രീകരിച്ചാകും ഇനിയുള്ള നീക്കം. പാകിസ്ഥാൻ ഒരു ചുവടുവച്ചാൽ പത്തിരട്ടികടന്ന് നമ്മൾ പ്രഹരിക്കുമെന്നതിൽ സംശയമില്ല.
നിയന്ത്രണരേഖയിൽ സംഘർഷം നിലനിൽക്കും. എങ്കിലും ഇന്ത്യയോട് ഏറ്റുമുട്ടാൻ പാകിസ്ഥാൻ തയ്യാറാകുമെന്ന് കരുതുന്നില്ല. നാലരദിവസം പ്രയോഗിക്കാൻ കഴിയുന്ന പീരങ്കികളുൾപ്പെടെയുള്ള ആയുധങ്ങളേ പാകിസ്ഥാനുള്ളൂ. ഇന്ത്യയ്‌ക്ക് പതിന്മടങ്ങ് സന്നാഹങ്ങളുണ്ട്. പാകിസ്ഥാന്റെ 155 എം.എം പീരങ്കിയിൽ നിന്ന് ആണവായുധങ്ങൾ, രാസായുധങ്ങളും തൊടുക്കാനാകും. എന്നാൽ ഇതിലുപയോഗിക്കുന്ന വെടിയുണ്ടകൾ പാകിസ്ഥാൻ യുക്രെയിന് വിറ്റിരുന്നു. അതിനാൽ അതിർത്തിയിൽ അവർ ശക്തരല്ല.
അതിർത്തിയിൽ ഇന്ത്യയുടെ നില ഭദ്രമാണ്. നമ്മുടെ ബങ്കറുകൾ 15 വർഷത്തോളമായി മികച്ച നിലയിൽ സജ്ജമാണ്. മികച്ച വസ്‌തുക്കളുപയോഗിച്ച് സുരക്ഷിതമായാണ് അവ നിർമ്മിച്ചത്. പ്രദേശവാസികൾക്ക് ബങ്കറുകളുള്ളതിനാൽ ഷെല്ലിംഗുണ്ടായാൽ സുരക്ഷിതമായിരിക്കാൻ കഴിയും. മികച്ച ആയുധങ്ങൾ, രാത്രിയിലും കാണാൻ കഴിയുന്ന സംവിധാനങ്ങൾ തുടങ്ങിയ സന്നാഹങ്ങളുണ്ട്.
സിംല കരാർ പിൻവലിച്ചെന്ന് പാകിസ്ഥാൻ പറഞ്ഞതിനാൽ നിയന്ത്രണ രേഖ സജീവമാകും. അവിടമാകും പാകിസ്ഥാനെതിരായ പ്രഹരത്തിനും ശിക്ഷയ്‌ക്കും മുഖ്യകേന്ദ്രമാകുക. പാക് ഭാഗത്തെ 15 കിലോമീറ്ററോളം പ്രദേശത്ത് കൃഷിയുണ്ട്. താഴ്‌ന്ന പ്രദേശങ്ങളാണവ. ഇന്ത്യൻ അതിർത്തി ഉയർന്ന പ്രദേശമാണ്. അവിടെ മുൻതൂക്കം ഇന്ത്യയ്‌ക്കാണ്. കുറച്ചു സ്ഥലങ്ങളിലേ ഇന്ത്യ പ്രഹരിച്ചിട്ടുള്ളു. അതിർത്തി കടക്കാതെയും അടിക്കാൻ ഇനിയുമേറെ സ്ഥലങ്ങളുണ്ട്. അതിന് നമ്മൾ ഒട്ടും മടിക്കുകയില്ല.
ഒരു രാജ്യമെന്ന നിലയ്‌ക്കും പ്രൊഫഷണൽ സൈന്യമെന്ന നിലയ്‌ക്കും ശത്രുവിന്റെ ഉദ്ദേശങ്ങളെയല്ല പരിഗണിക്കുന്നത്. അവരുടെ കഴിവ്, കൈയിലുള്ള ആയുധങ്ങളുടെ അളവ്, സൈനിക ശേഷി എന്നിവയ്ക്കനുസരിച്ചാണ് ആക്ഷൻ പ്ളാനുണ്ടാക്കുന്നത്. അത്തരം തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുമ്പേ നമ്മൾ പൂർത്തിയാക്കിയിട്ടുണ്ട്. നടപടിക്രമമനുസരിച്ചുള്ള ഘട്ടങ്ങൾ കാലാകാലം നവീകരിക്കുന്നുമുണ്ട്. ഏതു സാഹര്യത്തെയും നേരിടാനും മറികടക്കാനും സജ്ജമാണ് നമ്മൾ. ഏകോപനത്തിലും ഇന്ത്യ ഭദ്രമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വിവിധ ഏജൻസികൾ എന്നിവർ ചേർന്നുള്ള ഏകോപനവും സഹകരണവും ആശയവിനിമയവും വിവരങ്ങൾ കൈമാറലും കൃത്യവും ഭദ്രവുമാണ്.
പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇതൊരു തുടക്കം മാത്രമാണ്. വേറെ സ്ഥലങ്ങളിലും തിരിച്ചടിക്കും. ഓരോതവണ പ്രതികരിക്കുമ്പോഴും മുമ്പത്തേക്കാൾ ശക്തമായും രൂക്ഷമായും പ്രഹരിക്കുമെന്ന് ഉറപ്പാണ്. കൂടുതൽ ചെയ്യാനുള്ള ശേഷി മാത്രമല്ല, അതിനുള്ള നിശ്ചയദാർഢ്യവും നമുക്കുണ്ടെന്ന് തെളിയിച്ചതാണ്.
കാശ്‌മീരിന്റെ പിന്തുണ സൈന്യത്തെ ഊർജസ്വലമാക്കി
പാകിസ്ഥാനെക്കാൾ പലമടങ്ങ് മുമ്പിലാണ് ഇന്ത്യൻ പട്ടാളം. ഏറ്റവും പുതിയ ആയുധങ്ങളുൾപ്പെടെ സജ്ജമാണ്. കാശ്‌മീർ ജനതയുടെ പിന്തുണ വലുതാണ്. അത് പട്ടാളത്തിന്റെ മനോവീര്യം കൂടുതൽ ഊർജസ്വലമാക്കിയിട്ടുണ്ട്. മാദ്ധ്യമങ്ങളിലൂടെ വെല്ലുവിളിയും ഗ്രാമങ്ങളിൽ ഷെല്ലാക്രമണവുമല്ലാതെ യുദ്ധത്തിന് പാകിസ്ഥാൻ തയ്യാറാകില്ലെന്നാണ് എന്റെ വിലയിരുത്തൽ. അണുബോംബ് ഉപയോഗിക്കുമെന്നത് ഓലപ്പാമ്പ് മാത്രമാണ്. പാക് സൈന്യം യുദ്ധം ചെയ്യാൻ തയ്യാറല്ലെന്നാണ് സൂചനകൾ. ആഭ്യന്തരപ്രശ്‌നം പാകിസ്ഥാനിൽ രൂക്ഷമാണ്. ബലൂചിസ്ഥാനിൽ വിന്യസിച്ച സേനയെ മാറ്റാനാകില്ല. അഫ്ഗാനിസ്ഥാൻ അതിർത്തിയിലും പ്രശ്നങ്ങളുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങൾ നേരിടാനും പട്ടാളത്തെ ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾ മൂലം വാചകമടിക്കപ്പുറം പാകിസ്ഥാൻ കടക്കുമെന്ന് കരുതുന്നില്ല.
(വിശിഷ്ഠ സേവാമെഡൽ നേടിയ ബ്രിഗേഡിയർ എൻ. ബാലൻ കരസേനയിൽ ദീർഘകാലം കാശ്‌മീർ അതിർത്തി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്)