സുരക്ഷയിൽ രക്ഷയില്ലാതെ ജില്ലാ ഭരണസിരാകേന്ദ്രം
കൊല്ലം: പ്രശ്നപരിഹാരത്തിന് ദിവസവും ആയിരക്കണക്കിന് ജനങ്ങളെത്തുന്ന സിവിൽ സ്റ്റേഷനിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ അധികൃതർ. കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് പാളികൾ ഇളകി ഇരുമ്പുകമ്പി തെളിഞ്ഞും കെട്ടിടത്തിലേക്ക് വള്ളിച്ചെടികൾ പടർന്നുകയറിയ നിലയിലുമാണ്.
ഉപയോഗിക്കാൻ കഴിയുന്ന ഒരു പൊതു ടോയ്‌ലെറ്റ് പോലും ഇവിടില്ല. ദുർഗന്ധം കാരണം പരിസരത്ത് പോലും അടുക്കാൻ കഴിയില്ല. കളക്ടറേറ്റ് ഉൾപ്പെടെ നിരവധി സർക്കാർ വകുപ്പുകളുള്ള കെട്ടിട സമുച്ചയങ്ങൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ പരിസരശുചിത്വത്തിന്റെ കാര്യത്തിലും പിന്നിലാണ്.
പലയിടത്തും ബിയർ കുപ്പികളും ഉപയോഗശൂന്യമായ തടികളും ഇരുമ്പ് ഷീറ്റുകളും ഉൾപ്പടെ കൂട്ടിയിട്ട നിലയിലാണ്. കളക്ടറേറ്റിന്റെ മുൻവശം ചെളിയും വെള്ളവും കെട്ടിനിന്ന് വൃത്തിഹീനമാണ്. സ്‌ക്രാപ്പ് വാഹനങ്ങൾ മുതൽ ചവറുകൂനകൾ വരെ ഇവിടുത്തെ കാഴ്ചകളാണ്. ഓഫീസുകൾക്ക് സമീപവും കളക്ടറേറ്റിന്റെ മുകളിലത്തെ നിലയിലും ഉൾപ്പടെ ഉപയോഗ ശൂന്യമായ ഫർണീച്ചറുകളും മറ്റ് വേസ്റ്റ് കടലാസുകളും കൂട്ടിയിട്ടിരിക്കുകയാണ്.
കളക്ടറേറ്റിനുള്ളിലെ പടിഞ്ഞാറ് ഭാഗത്തെ നടപ്പാതയിൽ യാത്രയ്ക്ക് തടസമായി കിടക്കുന്ന ഇളക്കിമാറ്റിയ ടാറിംഗും കല്ലും മണ്ണും വാഹന - കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.
നിരീക്ഷണമില്ലാതെ ക്യാമറകൾ
ഭൂരിഭാഗം നിരീക്ഷണ ക്യാമറകളും പ്രവർത്തന രഹിതം
ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നില്ല
2016 ജൂൺ 15നാണ് കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് സമീപം തൊഴിൽ വകുപ്പിന്റെ ജീപ്പിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത്
സ്ഫോടനം നടന്നിട്ട് ഒൻപത് വർഷമാകാൻ ആഴ്ചകൾ മാത്രം
എന്നിട്ടും പൂർണ സുരക്ഷ ഒരുക്കാൻ കഴിയുന്നില്ല
ആവശ്യങ്ങൾ
സന്ദർശകരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടുക
കേന്ദ്രീകൃത സുരക്ഷാ സംവിധാനം ഏർപ്പെടുത്തുക
മുഴുവൻ സമയ സുരക്ഷയ്ക്ക് പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കുക
പൂർണമായും സി.സി ടി.വി നിരീക്ഷണത്തിലാക്കുക
പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുക
സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കുക
പടികയറി നടുവൊടിയും
വേണ്ടത്ര ലിഫ്ടുകൾ ഇല്ലാത്തത് വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഭിന്നശേഷിക്കാരെ വലയ്ക്കുന്നുണ്ട്. നിലവിൽ കളക്ടറേറ്റ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിൽ മാത്രമാണ് ലിഫ്ടുള്ളത്. വളരെ കുറച്ച് പേർക്കേ ഒരുസമയം ലിഫ്ട് ഉപയോഗിക്കാൻ കഴിയൂ. മറ്റ് കെട്ടിടങ്ങളിൽ പ്രധാനപ്പെട്ട സർക്കാർ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് മുകളിലത്തെ നിലകളിലാണ്. ഭിന്നശേഷിക്കാർക്ക് മുകളിലെ നിലകളിലേക്ക് കയറാൻ സൗകര്യമില്ല. ഇത്തരക്കാരെ ബന്ധുക്കൾ ആരെങ്കിലും എടുത്ത് ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിക്കുകയാണ് പതിവ്.
നിരീക്ഷണ ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ല. തീപിടിത്തമുണ്ടായാൽ ജീവനക്കാർക്കുൾപ്പടെ രക്ഷപ്പെടാനുള്ള വിക്കറ്റ് ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ ശക്തമാക്കി ഇത് തുറക്കാൻ നടപടി സ്വീകരിക്കണം.
അഡ്വ. എ.കെ മനോജ്, സെക്രട്ടറി,
കൊല്ലം ബാർ അസോസിയേഷൻ