യു.കെ.എഫിൽ ക്രീസ്റ്റ് 2025 അന്താരാഷ്ട്ര സമ്മേളനം
കൊല്ലം: പരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടന്നുവരുന്ന അന്താരാഷ്ട്ര സമ്മേളനം ക്രീസ്റ്റ് 2025ന്റെ ഉദ്ഘാടനം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണസ്വാമി നിർവഹിച്ചു. കോളേജ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷനായി. ഇന്നുവരെ നടക്കുന്ന സമ്മേളനം, ഊർജക്ഷമത, പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ, സുസ്ഥിര വികസനത്തിനുള്ള നൂതന പരിഹാരങ്ങൾ, പരിസ്ഥിതി സംരക്ഷണ രീതികൾ എന്നിവ ചർച്ച ചെയ്യും.
എ.ഐ.സി.ടി.ഇ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഇൻസ്റ്റിറ്റ്യുഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ), ക്ഷേമ പവർ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ ഗവേഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായ വിദഗ്ദ്ധർ എന്നിവരാണ് പങ്കെടുക്കുന്നത്.
സൗദ്യ അറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ എൻജിനിയറിംഗ് മുൻ പ്രൊഫസർ ഡോ. എസ്.ശശികുമാരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജു മാധവൻ, അക്കാഡമിക് ഡെപ്യുട്ടി ഡയറക്ടർ ഡോ. ഇ.ഗോപാലകൃഷ്ണ ശർമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ. രശ്മി കൃഷ്പ്രസാദ്, ഡീൻ അക്കാഡമിക് ഡോ. ബി.ലതാകുമാരി, പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പി.ടി.എ പാട്രൻ എ.സുന്ദരേശൻ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ. എൽ.എസ്.ജയന്തി, പ്രൊഫ. പി.ശ്രീജ എന്നിവർ സംസാരിച്ചു.
സമാപന സംഗമം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിന്റെ ട്രേഡ് കമ്മിഷണർ ഡോ. വർഗീസ് മൂലൻ തുടങ്ങിയ ശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.