നയിക്കാൻ പകരമാര് ?

Friday 09 May 2025 1:43 AM IST

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ആരാകും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടുത്ത നായകൻ എന്ന ചർച്ചകൾ സജീവമാവുകയാണ്. അടുത്ത മാസം ഇംഗ്ളണ്ടി​നെതി​രെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമി​നെ അടുത്തുതന്നെ പ്രഖ്യാപി​ക്കാനി​രി​ക്കുകയാണ്. ഈ പരമ്പരയ്ക്ക് വേണ്ടി​ മാത്രമല്ല അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷി​പ്പ് മത്സരങ്ങളി​ലാകെ ടീമി​നെ നയി​ക്കാൻ ശേഷി​യുള്ള താരത്തെ കണ്ടെത്തുകയാണ് സെലക്ടർമാരുടെ മുന്നി​ലുള്ള വെല്ലുവി​ളി​. നായകനായി​ പരി​ഗണി​ക്കപ്പെടുന്ന താരങ്ങളും സാദ്ധ്യതകളും പരി​ശോധി​ക്കാം.

ജസ്പ്രീത് ബുംറ

കഴി​ഞ്ഞ ഓസ്ട്രേലി​യൻ പര്യടനത്തി​ൽ വൈസ് ക്യാപ്ടനായി​രുന്ന ബുംറ ആദ്യത്തേയും അവസാനത്തെയും ടെസ്റ്റുകളി​ൽ നായകനുമായി​. രോഹി​തി​ന്റെ പിൻ​ഗാമി​യാകാൻ സ്വാഭാവി​ക ചോയ്സ്. പക്ഷേ പേസ് ബൗളറായ ബുംറയ്ക്ക് പരിക്ക് വെല്ലുവിളിയാണ്. ഇടയ്ക്ക് വിശ്രമം നൽകേണ്ടിവരും.

ശുഭ്മാൻ ഗിൽ

ദീർഘകാല അടിസ്ഥാനത്തിലാണ് ക്യാപ്ടനെ തിരഞ്ഞെടുക്കുന്നതെങ്കിൽ 25കാരനായ ഗുഭ്മാൻ ഗിൽ മികച്ച ഓപ്ഷനാണ്. ക്യാപ്ടനായി ഇതുവരെ ഒരു ടെസ്റ്റിലോ ഏകദിനത്തിലോ ഇന്ത്യയെ നയിച്ചിട്ടില്ലെന്നതാണ് പോരായ്മ.ട്വന്റി-20യിൽ താത്കാലിക നായകനായിരുന്നു. ഐ.പി.എല്ലിൽ ഗുജറാത്ത് ടീമിന്റെ ക്യാപ്ടനാണ്.

കെ.എൽ രാഹുൽ

ബാറ്ററായും വിക്കറ്റ് കീപ്പറായും ഉപയോഗിക്കാൻ കഴിയുന്ന പരിചയസമ്പന്നനായ താരം. മൂന്ന് ടെസ്റ്റുകളിൽ താത്കാലിക ക്യാപ്ടനായിട്ടുണ്ട്. ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്ടൻസി ഭാരം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന രാഹുൽ ടെസ്റ്റ് ടീമിന്റെ നായകത്വം ഏറ്റെടുക്കാൻ തയ്യാറാകുമോ എന്നാണറിയേണ്ടത്.

വിരാട് കൊഹ്‌ലി

വിരാടിൽ നിന്നാണ് 2022ൽ രോഹിത് ക്യാപ്ടൻസി ഏറ്റെടുത്തത്. ഇംഗ്ളണ്ട് പര്യടനത്തിലേക്ക് മാത്രമാണെങ്കിൽ പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിൽ വിരാടിനെ ക്യാപ്ടൻസി ഏൽപ്പിച്ചേക്കാം. ഒരു പക്ഷേ ഇംഗ്ളണ്ട് പര്യടനം കഴിഞ്ഞാൽ ടെസ്റ്റിൽ നിന്ന് വിരാടും വിരമിച്ചേക്കാം.