ആഴ്സനൽ അസ്തമിച്ചു

Friday 09 May 2025 1:45 AM IST

രണ്ടാംപാദ സെമിയിലും ആഴ്സനലിനെ തോൽപ്പിച്ച് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ഇന്റർ മിലാനും പി.എസ്.ജിയും തമ്മിലുള്ള ഫൈനൽ ജൂൺ ഒന്നിന് മ്യൂണിക്കിൽ

ആദ്യ പാദസെമി

പി.എസ്.ജി 1 - ആഴ്സനൽ 0

രണ്ടാം പാദ സെമി

പി.എസ്.ജി 2- ആഴ്സനൽ 1

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഒരു കിരീടമെങ്കിലും നേടാമെന്ന ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനലിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ആദ്യ പാദത്തിൽ 1-0ത്തിന് കീഴടക്കിയിരുന്ന ആഴ്സനലിനെ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 2-1നാണ് പാരീസ് എസ്.ജി തോൽപ്പിച്ചത്. ജൂൺ ഒന്നിന് മ്യൂണിക്കിൽ നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനാണ് പി.എസ്.ജിയുടെ എതിരാളികൾ. കഴിഞ്ഞദിവസം സെമിയിൽ ബാഴ്സലോണയെ തോൽപ്പിച്ചാണ് ഇന്റർ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

പാരീസിൽ നടന്ന മത്സരത്തിന്റെ 27-ാം മിനിട്ടിൽ ഫാബിയൻ റൂയിസിന്റെ ഗോളിലൂടെയാണ് ആഴ്സനൽ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി വിറ്റീഞ്ഞ പാഴാക്കിയെങ്കിലും 72-ാം മിനിട്ടിൽ അഷ്റഫ് ഹക്കീമിയിലൂടെ ആതിഥേയർ രണ്ടാം ഗോളും നേടി. 76-ാം മിനിട്ടിൽ ബുക്കായോ സാക്കയിലൂടെ ഒരു ഗോൾ മടക്കിയ ആഴ്നസൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ പതിനട്ടടവും പയറ്റിയെങ്കിലും പാരീസിന്റെ ഇറ്റാലിയൻ ഗോളി ജിയാൻലൂഗി ഡോണറുമ്മയുടെ കൈക്കരുത്തിന് മുന്നിൽ അടിപതറിപ്പോയി.ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ആഴ്സനൽ പാഴാക്കിയത്.

പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ നാലെണ്ണെം മാത്രം ജയിച്ച് 15-ാം സ്ഥാനത്തായിരുന്ന പി.എസ്.ജി പ്ളേ ഓഫിൽ സ്റ്റേഡ് ബ്രെസ്റ്റോയ്സിനെ ഇരുപാദങ്ങളിലുമായി 10 ഗോളുകൾക്ക് തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിലെത്തിയത്.അവിടെ മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അവസാന എട്ടിലെത്തിയത്. ക്വാർട്ടറിൽ ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയെയാണ് മറികടന്നത്.പ്രിമിയർ ലീഗ് സീസണിന്റെ തുടക്കത്തിൽ മുന്നിലായിരിക്കുകയും പിന്നീട് ലിവർപൂളിന് വഴിമാറിക്കൊടുക്കുകയും ചെയ്ത ആഴ്സനൽ ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിലായിരുന്നു. പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ആറും ജയിച്ച് 19 പോയിന്റുമായി ലിവർപൂളിനും ബാഴ്സലോണയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പി.എസ്.വി ഐന്തോവനെ തോൽപ്പിച്ചത് 7-1നാണ്. രണ്ടാം പാദത്തിൽ 2-2ന് സമനിലവഴങ്ങി. ആഴ്സനലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ ക്വാർട്ടറിൽ റയലിനെതിരെയായിരുന്നു. നിലവിലെ ചാമ്പ്യന്മാരെ ആദ്യപാദത്തിൽ 3-0 ത്തിനും രണ്ടാം പാദത്തിൽ 2-1നുമാണ് തോൽപ്പിച്ചത്.

ഗോളുകൾ പിറന്ന വഴി

1-0

27-ാം മിനിട്ട്

ഫാബിയൻ റൂയിസ്

ഡെക്ളാൻ റൈസ് നടത്തിയ ഒരു ഫൗളിന് ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് റൂയിസ് പാരീസിനെ മുന്നിലെത്തിച്ചത്.

2-0

72-ാം മിനിട്ട്

അഷ്റഫ് ഹക്കീമി

പകരക്കാരനായിറങ്ങിയ ഒസ്മാനേ ഡെംബലയുടെ ക്രോസിൽനിന്ന് ഹക്കീമി ആഴ്സനലിന്റെ വല വീണ്ടും കുലുക്കി.

2-1

76-ാം മിനിട്ട്

ബുക്കായോ സാക്ക

തന്റെ ആദ്യശ്രമം ഡോണറുമ്മ തട്ടിക്കളഞ്ഞത് പിടിച്ചെടുത്താണ് സാക്ക ആഴ്സനലിന്റെ ആശ്വാസ ഗോൾ നേടിയത്.

2

ഇത് രണ്ടാം തവണയാണ് പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്. 2019/20 സീസണിലായിരുന്നു ആദ്യ ഫൈനൽ. അന്ന് ബയേണിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.

2005/06 സീസണിന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനുള്ള അവസരമാണ് ആഴ്സനലിന് നഷ്ടമായത്.