വിയർപ്പ് തുന്നി നേടിയ എബിന്റെ എ ലൈസൻസ്
തിരുവനന്തപുരം : '' നാലുപതിറ്റാണ്ടുമുമ്പ് കടൽത്തീരത്തെ പൂഴിമണലിൽ പന്തുതട്ടി തുടങ്ങിയതാണ്. പന്തുകളിയെക്കുറിച്ചല്ലാതെ ഒന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. കളിക്കാരന്റെ വേഷം അഴിച്ചുവയ്ക്കാൻ പ്രായമായപ്പോൾ കോച്ചിന്റെ കുപ്പായമെടുത്തിട്ടു. വെറുമൊരു പരിശീലകനായി അവസാനിക്കരുതെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഓരോ നിമിഷവും അപ്ഡേറ്റായിരിക്കാനും കോച്ചിംഗ് സർട്ടിഫിക്കറ്റുകൾ ഓരോന്നായി നേടാനും ശ്രമിച്ചത്. കളിക്കാരനായി തുടങ്ങിയ കാലം മുതൽ ഒഴുക്കിയ വിയർപ്പിനുള്ള അംഗീകാരമാണ് ഈ എ ലൈസൻസ്.""- ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ കോൺഫെഡറേഷന്റെ ഫുട്ബാൾ പരിശീലനത്തിനുള്ള എ ലൈസൻസ് സ്വന്തമാക്കിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എബിൻ റോസ്.
സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമംഗമാണ് വിഴിഞ്ഞം സ്വദേശിയായ എബിൻ. ഒന്നര പതിറ്റാണ്ടിലേറെ സ്ട്രൈക്കറായും ഡിഫൻഡറായും ടൈറ്റാനിയം ടീമിന്റെ നെടുംതൂൺ.വിവ കേരള,എസ്.ബി.ടി ടീമുകൾക്കായും കളിച്ചു. കോവളം എഫ്.സി ഫുട്ബാൾ ക്ളബിന്റെ കോച്ചും അമരക്കാരനും. മലയാളം ടെലിവിഷൻ ഫുട്ബാൾ കമന്റേറ്റർ, ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നിങ്ങനെ കാൽപന്തിൽ കൊരുത്തെടുത്തതാണ് എബിന്റെ ജീവിതം.
കടലോരത്തെ കൗമാരങ്ങളെ കാൽപ്പന്തിന്റെ വഴിയിലേക്ക് നയിക്കാൻ ഒരു പ്രൊഫഷണൽ ക്ളബ് വേണമെന്ന എബിന്റെ സ്വപ്നമാണ് കോവളം എഫ്.സിയുടെ പിറവിയിലേക്ക് വഴിതുറന്നത്. പലപ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ചുകൊണ്ട് കേരള പ്രിമിയർ ലീഗിൽ കളിക്കുന്ന ക്ളബായി കോവളം എഫ്.സി ചിറകുവിരിച്ചുനിൽക്കുന്നു. ഹോസ്റ്റലും ഗ്രൗണ്ടുമൊക്കെയായി അടിസ്ഥാനസൗകര്യങ്ങളൊരുക്കി തലസ്ഥാന നഗരിയിലെ എണ്ണംപറഞ്ഞ ക്ളബായുള്ള വളർച്ചയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും എബിൻ പറയുന്നു. നിരവധികുട്ടികളാണ് കോവളം എഫ്.സിയിൽ നിന്ന് കരിയർ പടുത്തുയർത്തിയത്. കോച്ചായി പഠിപ്പിക്കുന്നതിനൊപ്പം പഠിക്കുക കൂടിചെയ്താണ് എബിൻ എ ലൈസൻസിന്റെ കടമ്പ കടന്നത്. തന്റെ നേട്ടം കോവളം എഫ്.സിക്കും അതിലുപരി കേരളത്തിലെ ഫുട്ബാൾ പ്രതിഭകൾക്കും പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഈ പരിശീലകൻ.