നിപ; ജില്ലയിൽ നിയന്ത്രണങ്ങൾ; സമ്പർക്കത്തിലുള്ള ഏഴ് പേർക്ക് നെഗറ്റീവ്

Friday 09 May 2025 4:01 AM IST

മലപ്പുറം: വളാഞ്ചേരി നഗരസഭയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശം. നഗരസഭയിലെ രണ്ടാം വാർഡിൽ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ അവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. മേയ് ഒന്നിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയത്. രോഗിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട ഏഴു പേരുടെ 21 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തരമായി ജില്ലയിലെത്തിയ മന്ത്രി വൈകിട്ട് കളക്ടറേറ്റിൽ ഉന്നതതല യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.. രോഗി ചികിത്സയിലുള്ള ആശുപത്രിയിൽ തന്നെ തുടരുന്നതാണ് പ്രോട്ടോക്കോൾ എങ്കിലും ബന്ധുക്കൾ ആവശ്യപ്പെടുന്ന പക്ഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും.

രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ജില്ലാ കളക്ടർ പ്രത്യേക ഉത്തരവിറക്കും. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂർ,​ ആതവനാട് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഉണ്ടാകുക. നിപ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊർജിതമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അധികം സമ്പർക്കത്തിന് സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെങ്കിലും സൂക്ഷ്മമായ പരിശോധന നടത്തും. ഹൈസ് റിസ്‌ക്, ലോ റിസ്‌ക് വിഭാഗത്തിൽ പെട്ട സമ്പർക്കത്തിലുള്ള എല്ലാവരും 21 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധന നടത്തും. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പനി സർവേ നടത്തും. ആശുപത്രികൾ ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

നിപ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുവായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കും. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ്ഹാ ളിൽ നടന്ന യോഗത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ.എൻ.ഖോബ്രഗഡെ, ജില്ലാ കളക്ടർ വി.ആർ.വിനോദ്, ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷൻ മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു (ഓൺലൈൻ), അഡീഷണൽ ഡയറക്ടർ ഡോ. റീത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകൾ: 0483 2736320, 2736326.