ഒറ്റദിവസം കൊണ്ട് വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 920 രൂപ, സ്വർണം വാങ്ങാൻ പറ്റിയ അവസരം

Friday 09 May 2025 10:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920 രൂപ കുറഞ്ഞ് 72,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 9,015 രൂപയാണ്. നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞത്. മേയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 70,000ന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നിരുന്നു. ഇപ്പോൾ സ്വർണവില കുറഞ്ഞ ആശ്വാസത്തിലാണ് ആഭരണപ്രേമികൾ.

ഇന്നലെ രാവിലെ കേരളത്തിൽ പവന് 440 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ പവൻ വില 73,040 രൂപയിലെത്തി. എന്നാൽ രാജ്യാന്തര വിപണിയിൽ വിലയിടിവ് രൂക്ഷമായതോടെ പവൻ വില 1,360 രൂപ കുറഞ്ഞ് 71,​880 രൂപയായി. ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയും ഗ്രാമിന് 8,775 രൂപയുമായിരുന്നു.

ആഭ്യന്തര, ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങങ്ങളാണ് സ്വർണവിപണിയിൽ കനത്ത ചാഞ്ചാട്ടം സൃഷ്‌ടിച്ചത്. ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകാതിരുന്നതോടെ കുതിച്ചുയർന്ന രാജ്യാന്തര സ്വർണ വില അമേരിക്കയും യു.കെയും വ്യാപാര കരാർ ഒപ്പുവക്കുമെന്ന വാർത്തകളുടെ ചുവടുപിടിച്ച് കുത്തനെ താഴ്ന്നിരുന്നു. അതേസമയം, ഇന്നത്തെ വെളളിവിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിക്ക് 111 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 111,000 രൂപയുമാണ്.