ആമസോൺ നദിയിൽ ഭീമൻ അനാകോണ്ട; വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രണ്ട് അഭിപ്രായങ്ങൾ

Friday 09 May 2025 11:14 AM IST

ഭൂമിയുടെ ശ്വാസകോശം എന്നാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകളെ അറിയപ്പെടുന്നത്. ഏകദേശം മൂന്ന് ദശലക്ഷം സ്പീഷീസിലെ സസ്യജന്തുജീവജാലങ്ങളും ഒരു ലക്ഷത്തോളം തദ്ദേശവാസികളും ജീവിക്കുന്ന ആമസോൺ മഴക്കാടുകളെ കുറിച്ച് നാം ചെറുപ്പം മുതൽ കേൾക്കുന്നതാണ്. ആമസോൺ എന്നാൽ ആദ്യം ഓർമ വരുക അനാകോണ്ടകളെയാണ്. ലോകത്തെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പാണ് ആമസോൺ മഴക്കാടുകളിൽ കാണുന്ന ഗ്രീൻ അനാകോണ്ട. 250 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടാകും. 20 അടിയിൽ കൂടുതൽ നീളമുള്ള അനാകോണ്ടകൾക്ക് വിഷം ഉണ്ടായിരിക്കില്ല.

ഇപ്പോഴിതാ ആമസോണിലെ ഒരു നദിയിലൂടെ ഭീമൻ അനാകോണ്ട പോകുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു ഹെലികോപ്ടറിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചത്. 'ഒരിക്കൽ കൂടി ഒരു വലിയ അനാകോണ്ടയെ ആമസോണിൽ കണ്ടു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. പലരും ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോ സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടുന്നു. മറ്റ് ചിലർ ഇത്തരം സംഭവങ്ങൾ ആമസോണിൽ നടക്കാറുണ്ടെന്നും പറയുന്നുണ്ട്.