വൈലോപ്പിള്ളിയുടെ കൃഷ്‌ണാഷ്‌ടമി സിനിമയാകുന്നു

Friday 09 May 2025 3:46 PM IST

കൊച്ചി: മലയാളത്തിന്റെ പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ശ്രദ്ധേയമായ കവിത 'കൃഷ്ണാഷ്ടമി" സിനിമയാകുന്നു. ഡോ. അഭിലാഷ് ബാബുവാണ് 'കൃഷ്ണാഷ്ടമി: ദ ബുക് ഒഫ് ഡ്രൈ ലീവ്സ് " എന്നപേരിൽ കവിതയുടെ സിനിമാറ്റിക് വ്യാഖ്യാനം ഒരുക്കുന്നത്. നഗരത്തിൽ അലഞ്ഞുനടന്ന ഒരുപറ്റം ആൾക്കാരുടെ ജയിൽവാസവും അവിടെ സന്തോഷവും സ്വൈര്യജീവിതവും കണ്ടെത്താനുള്ള ശ്രമങ്ങളും അവർ നേരിടുന്ന ദുരന്തവുമാണ് പ്രമേയം. സംവിധായകൻ ജിയോ ബേബി മുഖ്യവേഷം അവതരിപ്പിക്കും.

വൈലോപ്പിള്ളിയുടെയും അഭിലാഷ് ബാബുവിന്റെയും വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകും. പശ്ചാത്തലസംഗീതവും ഔസേപ്പച്ചന്റേതാണ്. ഔസേപ്പച്ചൻ, പി.എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ, അമൽ ആന്റണി, ചാർളി ബഹറിൻ എന്നിവരാണ് ഗായകർ.

ആഗസ്റ്റിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞു. അമ്പലക്കര ഗ്ലോബൽ ഫിലിംസ് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിതിൻ മാത്യു നിർവഹിക്കുന്നു. ആലോകം, മായുന്നു മാറിവരയുന്നു, നിശ്വാസങ്ങളിൽ എന്നീ സ്വതന്ത്ര പരീക്ഷണ സിനിമകൾ ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്തിട്ടുണ്ട്.

 കടൽക്കാകയിലെ കവിത 1958ൽ പുറത്തിറങ്ങിയ സമാഹാരമായ കടൽക്കാക്കകളിലാണ് കൃഷ്ണാഷ്ടമി കവിത. എറണാകുളം കലൂരിൽ ജനിച്ച അദ്ദേഹം കുടിയൊഴിക്കൽ, മാമ്പഴം, സഹ്യന്റെ മകൻ, ഊഞ്ഞാലിൽ, കണ്ണീർപ്പാടം, ഓണപ്പാട്ടുകാർ തുടങ്ങിയ കവിതകൾ സമ്മാനിച്ച കവിയാണ്.