നിയമനങ്ങളിൽ ജില്ല ഫസ്റ്റേയ്.. !! എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 7,697 പേർക്ക് ജോലി
കൊച്ചി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കൂടുതൽ നിയമനം നൽകിയത് എറണാകുളത്താണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ (2021 2024 നവംബർ) ജില്ല മുന്നിലെത്തി. 7,697 പേർക്ക് ജോലി ലഭിച്ചു. ഇക്കാലയളവിൽ സംസ്ഥാനത്ത് 46,571 താത്കാലിക നിയമനങ്ങൾ നൽകി. ഉദ്യോഗാർത്ഥികളെയും തൊഴിൽദാതാക്കളെയും ഒന്നിപ്പിക്കുന്ന സർക്കാർ സംവിധാനമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്.
പട്ടികയിൽ തിരുവനന്തപുരമാണ് രണ്ടാമത്. നിയമനം 6,333. 4,970 പേർക്ക് താത്കാലിക ജോലി ഉറപ്പാക്കിയ കോഴിക്കോടാണ് മൂന്നാമത്. വയനാടാണ് ഏറ്റവും പിന്നിൽ. 1240 പേർക്ക് നിയമനം.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നൽകുന്നത്. നിലവിൽ ഉദ്യോഗാർത്ഥികളെ സ്വയംതൊഴിൽ നേടുന്നതിനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ സഹായിക്കുന്നു.
നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് മാനുവൽ പ്രകാരം പി.എസ്.സിക്ക് വിടാത്ത മുഴുവൻ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. സീനിയോറിറ്റി പ്രകാരം പരമാവധി 180 ദിവസം ജോലി നൽകും.
23,75,342 പേർ സംസ്ഥാനത്ത് ആകെ 23,75,342 ഉദ്യോഗാർത്ഥികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് (2025 ഫെബ്രുവരി വരെ). കൂടുതൽ പേർക്ക് ജോലി ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് 180 ദിവസം തൊഴിൽ എന്നത് നിജപ്പെടുത്തിയിട്ടുള്ളത്. പി.എസ്.സി നടത്തുന്നത് പോലെ കൃത്യമായ നിയമപ്രകാരമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും നിയമനം.
എറണാകുളം 3 ആകെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല. 2,23,382 പേർ. 3,86,549 പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം, 2,69,692 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത കൊല്ലം ജില്ലകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. കാസർകോടാണ് പിന്നിൽ. ഇവിടെ ആകെ 63,678 ഉദ്യോഗാർത്ഥികൾ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജില്ല - എണ്ണം തിരുവനന്തപുരം - 6333 കൊല്ലം ----------- 3003 ആലപ്പുഴ---------- 4045 പത്തനംതിട്ട------- 1591 കോട്ടയം ----------- 2885 ഇടുക്കി ------------ 1531 എറണാകുളം ------ 7697 തൃശൂർ ------------ 3093 പാലക്കാട് ---------- 3124 മലപ്പുറം ------------ 2713 കോഴിക്കോട് ------- 4970 വയനാട് ----------- 1240 കണ്ണൂർ ------------ 2569 കാസർകോട് ------- 1777