ഗുരുദേവ ജയന്തി സമ്മേളനം 13ന് ശിവഗിരിയിൽ , കേന്ദ്രമന്ത്റി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും

Sunday 08 September 2019 12:00 AM IST

ശിവഗിരി: 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം കേന്ദ്രമന്ത്റി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 9.30ന് ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.ജി.ബാബുരാജൻ ബഹ്റിൻ വിശിഷ്ടാതിഥിയായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ദേശപാലൻ പ്രദീപ് എന്നിവർ സംസാരിക്കും. ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയ സമർപ്പണം വി.മുരളീധരൻ നിർവഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറയും.

അന്ന്‌ വെളുപ്പിന് 4.30ന് പർണശാലയിൽ ശാന്തിഹവനം, 5.10ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടക്കും. 6.15ന് വൈദികമഠത്തിൽ ജപയജ്ഞദീപ പ്രകാശനം സ്വാമി പരാനന്ദ നിർവഹിക്കും. 7.15ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. വൈകിട്ട്‌ 4.30ന് ശിവഗിരി മഹാസമാധിയിൽ നിന്നു ഘോഷയാത്ര പുറപ്പെടും. വർക്കല റെയിൽവേസ്റ്റേഷൻ, മൈതാനം, എസ്.എൻ.മിഷൻഹോസ്പിറ്റൽ, പുത്തൻചന്ത, മരക്കടമുക്ക്, കെടാവിത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എൻ.കോളേജ്, ശിവഗിരി എച്ച്.എസ്.എസ്, നഴ്സിംഗ് കോളേജ് വഴി മടങ്ങി രാത്രി 8 മണിയോടെ മഹാസമാധിയിൽ സമാപിക്കും. തുടർന്ന് സമ്മാനാർഹമായ ഫ്ലോട്ടുകൾക്കും ഗൃഹാലങ്കാരത്തിനും സ്ഥാപനാലങ്കാരത്തിനുമുളള സമ്മാനദാനം നടക്കും.