രാസലഹരി: യുവാക്കൾ റിമാൻഡിൽ

Friday 09 May 2025 9:19 PM IST

തേവര: രാസലഹരിയുമായി വരുമ്പോൾ അറസ്റ്റിലായ തേവര സ്വദേശി മനോജ്കുമാറും (രാജീവ്-36), ചിലവന്നൂർ സ്വദേശി എം.എസ്.നിഖിലും (29) കൊച്ചിയിലേക്ക് ലഹരികടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളെന്ന് സൂചന. വ്യാഴാഴ്ച പകൽ കത്രിക്കടവ് പാലത്തിൽ നിന്ന് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

കാറും മൊബൈൽ ഫോണുകളും സഹിതമാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 4.23 ഗ്രാം എം.ഡി.എം.എയും 1.70 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ച മാരുതി സെലീറിയോ കാറിന്റെ കാർപ്പറ്റിനടിയിലാണ് രാസലഹരിയും കഞ്ചാവും കവറിലാക്കി ഒളിപ്പിച്ചിരുന്നത്. മനോജ്കുമാറാണ് കാർ ഓടിച്ചത്.

ഇരുവരും മുമ്പ് ലഹരികടത്തിന് പിടിയിലായിട്ടില്ലെങ്കിലും നിരവധിതവണ രാസലഹരിയും കഞ്ചാവും കടത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

24 ഗ്രാം എം.ഡി.എം.എയുമായി കൊച്ചിയിലേക്ക് വാഹനത്തിൽ വരുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുട‌ർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ നൽകിയവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.