മനോജ് എബ്രഹാം വിജിലൻസ് മേധാവി, അജിത്കുമാർ എക്സൈസ് കമ്മിഷണർ

Saturday 10 May 2025 4:46 AM IST

യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവി

തിരുവനന്തപുരം: ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി പകരം ഫയർഫോഴ്സ് മേധാവി മനോജ് എബ്രഹാമിനെ നിയമിച്ചു. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സ് മേധാവിയാക്കി. ഇരുവരും ഡി.ജി.പി റാങ്കുള്ളവരാണ്.

മേയ് ഒന്നിനാണ് മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയർഫോഴ്സിൽ ചുമതലയേറ്റത്. 9 ദിവസത്തിനകമാണ് അദ്ദേഹത്തിന് വീണ്ടും മാറ്റം. കഴിഞ്ഞ ആഗസ്റ്റിലാണ് യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായത്. 2022 ജൂലായ് മുതൽ ഒരുവർഷം മനോജ് എബ്രഹാം വിജിലൻസ് മേധാവിയായിരുന്നു.

ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ എക്സൈസ് കമ്മിഷണറാക്കി. എക്സ്കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം. ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായയെ പൊലീസ് അക്കാഡമി ഡയറക്ടറാക്കി. എക്സൈസ് കമ്മിഷണറായിരുന്ന മഹിപാൽ യാദവാണ് പുതിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. പൊലീസ് അക്കാഡമി ഐ.ജി കെ.സേതുരാമനെ ജയിൽ മേധാവിയാക്കി.

ഇന്റലിജൻസ് ഐ.ജി ജി.സ്പർജ്ജൻകുമാറിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഐ.ജിയാക്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി പി.പ്രകാശിനെ കോസ്റ്റൽ പൊലീസ് ഐ.ജിയായും കൊച്ചി ക്രൈംബ്രാഞ്ച് ഐ.ജി എ.അക്ബറിനെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജിയായും നിയമിച്ചു.