ഐ.പി.എൽ ഒരാഴ്ച നിറുത്തി
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഒരാഴ്ചത്തേക്ക് നിറുത്തിവയ്ക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
രാജ്യം യുദ്ധസമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ക്രിക്കറ്റ് കളി നടത്തുന്നത് ശരിയല്ലെന്ന നിലപാടാണ് സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്നലെ ചേർന്ന ബി.സി.സി.ഐ ഉന്നതതലയോഗം സ്വീകരിച്ചത്. ടീമുകളെല്ലാം ബി.സി.സി.ഐ നിലപാടിനെ പിന്തുണച്ചു. വിദേശതാരങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമത്തിലാണ് ടീമുകൾ.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമായാൽ ഒരാഴ്ചയ്ക്കു ശേഷം മത്സരങ്ങൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ 58 മത്സരങ്ങൾ പൂർത്തിയായി. ശേഷിക്കുന്നത് ഫൈനൽ ഉൾപ്പെടെ 16 മത്സരങ്ങൾ. അതേസമയം, പാകിസ്ഥാനിലെ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി ദുബായിലേക്ക് മാറ്റിയിരുന്നു. ഐ.പി.എല്ലിന്റെ വേദി മാറ്റാൻ ബി.സി.സി.ഐക്ക് തത്കാലം താത്പര്യമില്ലെന്നാണ് സൂചന.