രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

Saturday 10 May 2025 4:56 AM IST

പത്തനംതിട്ട: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി. അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനാൽ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. 18, 19 തീയതികളിൽ രാഷ്ട്രപതി ഇരുമുട്ടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തുമെന്ന് സംസ്ഥാന സർക്കാരിനും പൊലീസിനും ദേവസ്വം ബോർഡിനും അറിയിപ്പ് ലഭിച്ചിരുന്നു. രാഷ്ട്രപതിയെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും തുടങ്ങിയിരുന്നു. യാത്ര റദ്ദാക്കിയതായി അറിയിച്ച് ഇന്നലെ രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പറഞ്ഞു. 18നും 19നും ഭക്തർക്ക് വെർച്വൽ ക്യു ബുക്കിംഗിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.