രാജ്യം പരമപ്രധാനം

Friday 09 May 2025 10:07 PM IST

ഐ.പി.എല്ലിനേക്കാൾ പ്രധാനം രാജ്യമെന്ന് ബി.സി.സി.ഐ

ഒരാഴ്ചത്തേക്ക് ഐ.പി.എൽ മത്സരങ്ങൾ നിറുത്തിവച്ചു

മുംബയ് : അതിർത്തിയിൽ സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചെത്തുന്ന ഐ.പി.എൽ മത്സരങ്ങൾ നടത്തുക പ്രയാസമാണെന്ന് മനസിലാക്കിയാണ് ഈ സീസണിലെ ബാക്കിയുള്ള കളികൾ ഒരാഴ്ചത്തേക്ക് നിറുത്തിവയ്ക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. പാകിസ്ഥാനോട് അടുത്ത പഞ്ചാബ്,രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാത്രി മത്സരം നടത്തുന്നത് സുരക്ഷാവെല്ലുവിളി ഉയർത്തുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പും ഈ തീരുമാനത്തിലെത്താൻ കാരണമായി.

ഈ സീസൺ മത്സരങ്ങളെല്ലാം റദ്ദാക്കിയെന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും ഒരാഴ്ചത്തേക്കാണ് നിറുത്തിവയ്ക്കുകയെന്ന് ബി.സി.സി.ഐ ഓണററി സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. സാഹചര്യങ്ങൾ പരിശോധിച്ചശേഷമേ ടൂർണമെന്റ് പുനരാരംഭിക്കാനാകുമോ എന്ന് തീരുമാനിക്കാനാകൂ എന്നും സൈക്കിയ അറിയിച്ചു.

ധർമ്മശാലയിലെ

വെല്ലുവിളി

കഴിഞ്ഞരാത്രി ഹിമാചൽപ്രദേശിലെ ധർമ്മശാല സ്റ്റേഡിയത്തിൽ ഡൽഹി ക്യാപ്പിറ്റൽസും - പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് അധികൃതർക്ക് മത്സരം നിറുത്തിവയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുന്നത്. അതിർത്തിയിലേക്ക് പാകിസ്ഥാന്റെ വ്യോമാക്രമണ സാദ്ധ്യത മനസിലാക്കിയാണ് മുന്നറിയിപ്പ് നൽകിയത്. മത്സരത്തിൽ പഞ്ചാബിന്റെ ബാറ്റിംഗ് 10.1 ഓവറിൽ എത്തിയപ്പോൾ അധികൃതർ നാല് ഫ്ളഡ്‌ലിറ്റുകളിൽ മൂന്നും അണച്ച് വൈദ്യുതി തകരാർ മൂലം കളി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കാണികളെ അറിയിക്കുകയായിരുന്നു. ഗാലറിയിൽ നിന്ന് കൂട്ടപ്പൊരിച്ചിൽ ഉണ്ടാകാതെ കാണികളെ ഒഴിപ്പിക്കാൻ ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽതന്നെ ഗ്രൗണ്ടിലിറങ്ങിയിരുന്നു. സമാന്തരമായി കളിക്കാരെയും മാച്ച് ഒഫിഷ്യൽസിനെയും ഗ്രൗണ്ടിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച് ടീം ബസുകളിൽ കയറ്റി ഹോട്ടലുകളിലെത്തിച്ചു. പെട്ടെന്നുതന്നെ പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി ധർമ്മശാലയിൽ നിന്ന് മാറ്റുകയും ചെയ്തു. അതിന്ശേഷമാണ് ബി.സി.സി.ഐ ഭാരവാഹികൾക്ക് ശ്വാസം നേരേ വീണത്.

സ്റ്റേഡിയങ്ങൾക്ക്

ബോംബ് ഭീഷണി

ഐ.പി.എൽ മത്സരവേദികളായ ഡൽഹിയിലെ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയം, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊൽക്കത്ത ഈഡൻ ഗാർഡൻസ് തുടങ്ങിയവ ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത ഇമെയിൽ ഭീഷണി. അതത് സ്റ്റേഡിയങ്ങളുടെ ഇമെയിൽ അഡ്രസിലേക്കാണ് ഭീഷണി വന്നിരിക്കുന്നത്. പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൺറൈസേഴ്സ്

റീഫണ്ട് നൽകും

ഐ.പി.എൽ ഒരാഴ്ചത്തേക്ക് നിറുത്തിവച്ച പശ്ചാത്തലത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന തങ്ങളും കൊൽക്കത്താ നൈറ്റ്റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് ടിക്കറ്റ് എടുത്തവർക്ക് റീഫണ്ട് നൽകുമെന്ന് സൺറൈസേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു.