കളി ഇനി എന്ന് തുടങ്ങാനാകും ?
കോടികൾ ഒഴുകുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് പൂർണമായും റദ്ദാക്കുന്നത് ബി.സി.സി.ഐയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് തത്കാലം ഒരാഴ്ചത്തേക്ക് നിറുത്തിവച്ച് സാഹചര്യം പഠിക്കാൻ തീരുമാനിച്ചത്. മത്സരങ്ങൾ പുനരരാരംഭിക്കാൻ പല സാദ്ധ്യതകളും ബി.സി.സി.ഐ തേടുന്നുണ്ട്.
74 മത്സരങ്ങളാണ് ഫൈനൽ ഉൾപ്പടെ ഒരു സീസണിലുള്ളത്. പ്രാഥമിക റൗണ്ടിൽ 70 മത്സരങ്ങളും പ്ളേഓഫിൽ 4 മത്സരങ്ങളും. ഇതിൽ പ്രാഥമിക റൗണ്ടിലെ 58 മത്സരങ്ങളാണ് പൂർത്തിയായത്.
മേയ് 18നാണ് ഷെഡ്യൂൾ അനുസരിച്ച് പ്രാഥമിക റൗണ്ട് അവസാനിക്കേണ്ടത്. മേയ് 20ന് ആദ്യ ക്വാളിയർ. 21ന് എലിമിനേറ്റർ, 23ന് രണ്ടാം ക്വാളിഫയർ,25ന് ഫൈനൽ എന്നിങ്ങനെയാണ് ഷെഡ്യൂൾ.
ജൂൺ ആദ്യവാരം ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിലേക്ക് പര്യടനത്തിന് പോകാനുള്ളതിനാൽ പൂർണതോതിൽ ഐ.പി.എൽ പുനരാരംഭിക്കുക വലിയ വെല്ലുവിളിയാണ്. ഇപ്പോഴത്തെ പോയിന്റ് നിലവച്ച് പ്ളേഓഫ് ടീമുകളെ നിശ്ചയിച്ച് ആ മത്സരങ്ങൾ നടത്തുകയാണ് മുന്നിലുള്ള ഒരുവഴി. അത് സാമ്പത്തിക നഷ്‌ടം വരുത്തും.
മേയിൽ മത്സരങ്ങൾ നടത്താൻ കഴിയുന്നില്ലെങ്കിൽ പിന്നീട് സെപ്തംബറിൽ മാത്രമാണ് ഇന്ത്യൻ താരങ്ങൾക്ക് സമയം ലസിക്കുകയുള്ളൂ.ആ സമയം വിദേശതാരങ്ങൾക്ക് എത്താൻ കഴിയണമെന്നില്ല.
നാട്ടിലേക്ക് മടങ്ങാൻ
വിദേശതാരങ്ങൾ
ഐ.പി.എൽ നിറുത്തിവച്ചതോടെ നാടുകളിലേക്ക് മടങ്ങാൻ ഐ.പി.എൽ ടീമുകളിലെ വിദേശതാരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. ഓസ്ട്രേലിയ,ഇംഗ്ളണ്ട് തുടങ്ങിയ ക്രിക്കറ്റ് ബോർഡുകൾ താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ബി.സി.സി.ഐയുമായി ചർച്ചകൾ നടത്തിവരികയാണ്.
പി.എസ്.എൽ യു.എ.ഇയിലേക്ക് മാറ്റി
പാകിസ്ഥാനിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്തതിനാൽ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റി. റാവൽപിണ്ടിയിലെ പി.എസ്.എൽ വേദിയിൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് പാക് ബോർഡിന്റെ തീരുമാനം.