ഓഹരി നിക്ഷേപകർ മുൾമുനയിൽ
രാഷ്ട്രീയ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു
കൊച്ചി: പാകിസ്ഥാനുമായുള്ള രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ പരിഭ്രാന്തിയേറിയ വിദേശ നിക്ഷേപകർ പിന്മാറിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും മൂക്കുകുത്തി. ബോംബെ ഓഹരി സൂചിക സെൻസെക്‌സ് 880 പോയിന്റ് നഷ്‌ടത്തോടെ 79,454ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 265 പോയിന്റ് ഇടിഞ്ഞ് 24,008ൽ എത്തി. തുടക്കത്തിൽ കനത്ത നഷ്‌ടം നേരിട്ട ഇടത്തരം ഓഹരി സൂചിക വ്യാപാരാന്ത്യത്തിൽ ശക്തമായി തിരിച്ചുകയറി. ചെറുകിട ഓഹരികളും ഒരു പരിധി വരെ നഷ്‌ടം നികത്തി.
ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇന്നലെ 2.4 ലക്ഷം കോടി രൂപയുടെ ഇടിവോടെ 41.93 ലക്ഷം കോടി രൂപയിലെത്തി. ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, എസ്.ബി.ഐ, ഏഷ്യൻ പെയിന്റ്സ് തുടങ്ങി ചുരുക്കം കമ്പനികൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, അൾട്രാടെക്ക് സിമന്റ്, ബജാജ് ഫിനാൻസ് എന്നിവ തകർച്ചയ്ക്ക് നേതൃത്വം നൽകി.
കരുത്താേടെ രൂപ
രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ വിൽപ്പന സമ്മർദ്ദം മറികടക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ ഡോളറിനെതിരെ രൂപ ഇന്നലെ നില മെച്ചപ്പെടുത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള രംഗത്ത് ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചത്. ഇന്നലെ രൂപ 17 പൈസയുടെ നേട്ടവുമായി 85.41ൽ എത്തി.
നിക്ഷേപകരുടെ ആശങ്ക
1. ഇന്ത്യയും പാകിസ്ഥാനുമായുള്ള രാഷ്‌ട്രീയ സംഘർഷങ്ങൾ യുദ്ധത്തിലേക്ക് നീങ്ങിയാൽ സാമ്പത്തിക മേഖല കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്ക
2. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടാകുന്നില്ല
3. ആഗോള സാമ്പത്തിക മേഖല ഉണർവിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും മുകളിലേക്ക് നീങ്ങുന്നു
4. അമേരിക്കയും യു.കെയുമായി വ്യാപാര കരാർ ഒപ്പുവക്കുന്നതിന് ധാരണയായതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നു
നിക്ഷേപ ആസ്തിയിലെ ഇടിവ്
2.4 ലക്ഷം കോടി രൂപ