കച്ചവടം തകൃതി, പുതിയ ലോട്ടറികളും സൂപ്പർഹിറ്റ്

Saturday 10 May 2025 12:31 AM IST

ഒരു കോടി സമ്മാനത്തിൽ ഉപഭോക്താക്കൾക്ക് ആവേശം

ആലപ്പുഴ: ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള 50 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ സൂപ്പർഹിറ്റാകുന്നു. സമ്മാന തുകയും ടിക്കറ്റ് വിലയും വർദ്ധിപ്പിച്ചതിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴും അച്ചടിക്കുന്ന എല്ലാ ടിക്കറ്റും ഒരെണ്ണം പോലും ബാക്കിയില്ലാതെ വിറ്റുപോകുന്നുവെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടിനായിരുന്നു പുതുക്കിയ വില പ്രകാരമുള്ള ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്. പേരുമാറ്റിയിറങ്ങിയ 'സുവർണ കേരളം' ടിക്കറ്റാണ് ആദ്യം നറുക്കെടുത്തത്. ഏഴ് ലോട്ടറികൾക്കും 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. 1.8 കോടി ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ അനുമതിയുള്ളത്. ടിക്കറ്റിന് ആവശ്യമേറുന്ന മുറയ്ക്ക് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും.

സംസ്ഥാനത്തെ ഏഴ് ലോട്ടറികളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കിയും ടിക്കറ്റ് വില 50 രൂപയാക്കിയുമാണ് വകുപ്പ് ഉത്തരവിറക്കിയത്. നാലു ലോട്ടറികളുടെ പേരും മാറ്റി. നിർമ്മൽ ഭാഗ്യക്കുറിയാണ് സുവർണ കേരളമാക്കിയത്. എല്ലാ ടിക്കറ്റിന്റെയും കുറഞ്ഞ സമ്മാനത്തുക ടിക്കറ്റിന്റെ വിലയായ 50 രൂപയാണ്.

ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു നേരത്തെ ഒരു കോടി സമ്മാനം. മറ്റുള്ളവയ്ക്ക് 40 രൂപയായിരുന്നു. ഫിഫ്റ്റി-ഫിഫ്റ്റി 96 ലക്ഷവും മറ്റുള്ളവ 1.8 കോടിയും ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്.

അച്ചടിക്കുന്നത് 96 ലക്ഷം ടിക്കറ്റുകൾ

ഓൺലൈൻ വില്പനയിൽ കുടുങ്ങരുത്

സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള അനധികൃത ഓൺലൈൻ വില്പനയിൽ കുടുങ്ങരുതെന്ന് ലോട്ടറി വകുപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലുള്ള നിരവധിപ്പേരും ഈ 'ഭാഗ്യപരീക്ഷണത്തിന് ' ഒരുങ്ങുന്നുണ്ടെന്നും. എന്നാൽ ഇത്തരം വാഗ്ദാനങ്ങൾ തട്ടിപ്പാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.