ടാൽറോപിന്റെ വില്ലേജ് പാർക്ക് പ്രവർത്തനം തുടങ്ങി

Saturday 10 May 2025 12:32 AM IST

ഇരിക്കൂർ: സിലിക്കൺ വാലി മാതൃകയിൽ ടാൽറോപ് നടുവിൽ പഞ്ചായത്തിൽ ഒരുക്കുന്ന വില്ലേജ് പാർക്ക് ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് നാടിന് സമർപ്പിച്ചു. വില്ലേജ് പാർക്കിലൂടെ നൂതന ടെക്‌നോളജിയും ഇന്നവേറ്റീവ് എഡ്യുക്കേഷനും സംരംഭങ്ങളുമെത്തുന്നതോടെ നാടിന്റെ സമഗ്ര മേഖലയ്ക്കും ഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 1064 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി മിനി ഐ.ടി പാർക്കുകൾക്ക് സമാനമായ 1064 വില്ലേജ് പാർക്കുകളാണ് വികസിപ്പിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള വർക്ക്‌ സ്‌പേസ്, നിരവധി ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിധ്യം തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.

ടെക്‌നോളജിയിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി ക്രിയേറ്റർമാരാക്കുന്ന 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്', വനിതകൾക്കായുള്ള 'പിങ്ക് കോഡേഴ്‌സ്' തുടങ്ങിയ പദ്ധതികളുടെ ഉദ്‌ഘാടനവും നടന്നു. സിലിക്കൺ വാലി മോഡൽ നടുവിൽ പ്രൊജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർ കെ. അബ്ദുല്ലയെ ചടങ്ങിൽ ആദരിച്ചു. ടാൽറോപ് ബോർഡ് ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസർ അജീഷ് സതീശൻ, ഡയറക്ടർ ഓഫ് കമ്യൂണിറ്റി ഫസ്‌ന സി.വി, ടാൽറോപ് ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് ഫൈസൽ ടി.പി തുടങ്ങിയവർ പങ്കെടുത്തു.