ദേശസ്നേഹത്തിൽ ജ്വലിച്ച് ആതിര, അസാം റൈഫിൾസിലെ മലയാളി റൈഫിൾവുമൺ

Saturday 10 May 2025 4:04 AM IST

കായംകുളം: പാകിസ്ഥാന്റെ സൈനിക വിമാനങ്ങളും ഡ്രോണുകളും ഇന്ത്യ വെടിവച്ചിട്ടെന്നറിഞ്ഞപ്പോൾ ആതിര കെ.പിള്ളയിലെ

ദേശസ്നേഹം ഇരട്ടിച്ചു. അസാം റൈഫിൾസിലെ ആദ്യ മലയാളി റൈഫിൾവുമണാണ് ഈ മുപ്പതുകാരി. റൈഫിൽ മൂവ്മെന്റ് ജനറൽ ഡ്യൂട്ടിയി​ൽ ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് ജോലി.

ഏപ്രിൽ അഞ്ചു വരെ കാശ്മീരിലെ ഗന്ധർ ബല്ലിൽ ഇന്ത്യൻ സൈനിക പോസ്റ്റിൽ കാവലിലായിരുന്നു ആതിര. നാല് വർഷത്തെ കാശ്മീർ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് പഹൽഗാമിലെ ഭീകരാക്രമണം. 23ന് മിസോറാമിലെ സൈനിക യൂണിറ്റിലേക്ക് മടങ്ങും. ശത്രുവിനെ നിലംപരിശാക്കാതെ ഇന്ത്യ അടങ്ങില്ലെന്ന് ആതിര പറയുന്നു.

കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതിൽ ആതിര നാല് വർഷം മുമ്പാണ് അസാം റൈഫിൾസിൽ ചേരുമ്പോൾ ഏക മലയാളി വനിതയായിരുന്നു. ഇന്ന് മൂന്ന് മലയാളികളുൾപ്പെടെ 30 വനിതകൾ യൂണിറ്റിലുണ്ട്. സൈനികനായിരിക്കെ 17 വർഷം മുമ്പ് മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്ക് ലഭിച്ചത്.

 സൈനിക സേവനം സ്വപ്നം

സൈനിക സേവനം ചെറുപ്പം മുതൽ ആതി​രയുടെ സ്വപ്നമായിരുന്നു.​ മന്ദിരം എൽ.പി.എസ്, വി.വി.എച്ച്.എസ് താമരക്കുളം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം പ്രൈവറ്റായി പഠിച്ച് ഡിഗ്രി സമ്പാദി​ച്ചശേഷം ഷില്ലോംഗിലെ റിക്രൂട്ട്മെന്റ് ക്യാമ്പിൽ ചേർന്നു. എട്ടുവർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്. നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് കശ്മീരിലെത്തിയത്. ജയലക്ഷ്മിയാണ് മാതാവ്. ഭർത്താവ്: സ്‌മിതീഷ് പ്രവാസിയാണ്. അഭിലാഷ് സഹോദരനാണ്.