പ്ലസ് വൺ പ്രവേശനത്തിന് സ്കൂൾ അഡ്മിഷൻ കമ്മിറ്റി

Saturday 10 May 2025 12:31 AM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികളുടെ നിർവഹണത്തിന് സ്‌കൂളുകളിൽ പ്രിൻസിപ്പൽമാർ കൺവീനറായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കമ്മിറ്റിയിൽ നാല് സീനിയർ അദ്ധ്യാപകരുമുണ്ടാകും. പ്രവേശനം സംബന്ധിച്ച പൂർണ ഉത്തരവാദിത്വം അതത് സ്‌കൂൾ പ്രിൻസിപ്പൽമാർക്കായിരിക്കും.

ബാച്ചുകൾ കൂടുതലുള്ള സ്‌കൂളുകളിൽ കൂടുതൽ അദ്ധ്യാപകരെ അഡ്മിഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും പ്രിൻസിപ്പൽമാർക്ക് അനുമതി നൽകിയിട്ടുണ്ട്. പ്രവേശന നടപടികൾ ആരംഭിക്കുമ്പോൾത്തന്നെ അഡ്മിഷൻ കമ്മിറ്റി രൂപീകരിക്കണം. ഈ വിവരം പ്രിൻസിപ്പൽമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ കാര്യാലയത്തിലെ ഐ.സി.ടി സെല്ലിന്റെ ഔദ്യോഗിക ഇ-മെയിലിലേയ്ക്ക് അയയ്ക്കണം.