പി.ടി.എ അഡ്മിഷൻ നിഷേധിച്ചാൽ കർശന നടപടി: മന്ത്രി ശിവൻകുട്ടി
Saturday 10 May 2025 12:40 AM IST
തിരുവനന്തപുരം: പി.ടി.എ അംഗത്വഫീസിന്റെ പേരിൽ കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പി.ടി.എ പണപ്പിരിവ് സംബന്ധിച്ച് രക്ഷിതാക്കളിൽനിന്നും പരാതികൾ ലഭിക്കുന്നുണ്ട്. പി.ടി.എയ്ക്ക് സർക്കാർ എതിരല്ല. എന്നാൽ രക്ഷിതാക്കളുടെമേൽ അധിക സാമ്പത്തികബാദ്ധ്യത അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
അക്കാഡമിക ആവശ്യങ്ങൾക്കായി എൽ.പി വിഭാഗം 20 രൂപ, യു.പി വിഭാഗം 50 രൂപ, ഹൈസ്‌കൂൾ വിഭാഗം 100 രൂപ, ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ എന്നിങ്ങനെയാണ് അനുവദനീയമായ തുകകൾ. ഇതും നിർബന്ധപൂർവം വാങ്ങുകയോ സ്‌കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യരുത്. പിരിവ് സംബന്ധിച്ച് പി.ടി.എകൾക്കോ വ്യക്തികൾക്കോ ആക്ഷേപമുണ്ടെങ്കിൽ പരാതിനൽകാമെന്നും മന്ത്രി പറഞ്ഞു.