കൊലക്കേസ് പ്രതിയെ വിട്ടയച്ചു

Saturday 10 May 2025 1:46 AM IST

കരുനാഗപ്പള്ളി: പുതിയകാവ് ക്ഷേത്രത്തിന് മുന്നിലെ കടമുറികൾക്ക് മുന്നിൽ കിടന്നുറങ്ങിയ സുബ്രഹ്മണ്യൻ എന്നയാളെ 2022 ഒക്ടോബർ 1ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പത്തനാപുരം പിറവന്തൂർ ശ്രീവിലാസം വീട്ടിൽ തുളസിയെ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്‌ജ് പി.എൻ.വിനോദ് വെറുതെ വിട്ടു. കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രത്തിനോട് ചേർന്ന് ഉണ്ടായിരുന്ന കടമുറികളിൽ രാത്രി കിടന്നുറങ്ങുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കം ഉണ്ടാവുകയും തുടർന്ന്, പ്രതിയായ തുളസി പുലർച്ചെ അഞ്ചുമണിയോടെ ചവറ പന്മന വടക്കുംതല മാടമ്പിത്തറ പടിഞ്ഞാറ്റതിൽ സുബ്രഹ്മണ്യനെ കടയുടെ സമീപത്ത് കിടന്ന വലിയ പാറ കഷ്‌ണം ഉപയോഗിച്ച് നിരവധി തവണ തലയ്ക്കിടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു കരുനാഗപ്പള്ളി പൊലീസ് കേസ് എടുത്തിരുന്നത്. എന്നാൽ പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ സർക്കാർ ഭാഗത്തിന് കഴിഞ്ഞില്ല എന്ന കാരണത്താൽ ആണ് പ്രതിയെ വിട്ടയച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ചവറ ജി.പ്രവീൺകുമാർ, വർക്കല ടി. മുരളി, ബി.ആർച്ച എന്നിവർ കോടതിയിൽ ഹാജരായി.