ഈ സാഹചര്യത്തിൽ ഇങ്ങനൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം; വൈറലായി അമൂലിന്റെ പരസ്യം

Saturday 10 May 2025 9:56 AM IST

പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടികൾ നൽകിക്കൊണ്ടിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂറിലൂടെ ഈ മാസം ഏഴ് മുതലാണ് ഇന്ത്യ തിരിച്ചടി നൽകിത്തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് അമൂൽ നൽകിയ ഒരു പരസ്യത്തിന് ഏറെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

അമൂൽ പരസ്യത്തിൽ സ്ഥിരമായി ഉണ്ടാകാറുള്ള കൊച്ചുപെൺകുട്ടിയും പരസ്യത്തിലുണ്ട്. കൂടാതെ 'ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച്' രാജ്യത്തോട് വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിയും വിംഗ് മാൻഡർ വ്യോമിക സിംഗും പരസ്യത്തിലിടം പിടിച്ചിട്ടുണ്ട്.

കേണൽ സോഫിയയ്ക്കും വിംഗ് മാൻഡർ വ്യോമികയ്ക്കും സല്യൂട്ടടിക്കുന്ന പെൺകുട്ടിയാണ് പരസ്യത്തിലുള്ളത്. 'സെൻഡ് ദം പാക്കിംഗ്', 'അമൂൽ പ്രൗഡ്‌ലി ഇന്ത്യൻ' എന്നിങ്ങനെ പരസ്യത്തിൽ നൽകിയിട്ടുണ്ട്.

പാകിസ്ഥാനെ കളിയാക്കിക്കൊണ്ടുളള ഈ പരസ്യ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇങ്ങനെയൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം, ഒറ്റ പരസ്യത്തിലൂടെ രാജ്യത്തിന്റെ മൊത്തം വികാരം പ്രകടിപ്പിക്കാൻ അമൂലിന് സാധിച്ചെന്നും, വളരെ മനോഹരമായ പരസ്യമാണിതെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിരോധ, വാർത്താവിനിമയ മന്ത്രായലങ്ങളുടെ വാർത്താസമ്മേളനം ഉടൻ നടക്കും. ഇതിലൂടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന. എട്ട് പാക് നഗരങ്ങളിൽ ഉഗ്ര സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.