പിടികൂടിയ പാമ്പിനെ ഇവർ എന്ത് ചെയ്യുന്നു? കൊന്നുതിന്നോ, അതോ മറ്റൊരു ആവശ്യത്തിന് ഉപയോഗിച്ചോ; നടപടിയുമായി വനംവകുപ്പ്

Saturday 10 May 2025 11:37 AM IST

പത്തനംതിട്ട : ജനവാസ മേഖലകളിൽ കണ്ടെത്തുന്ന വിഷപ്പാമ്പുകളെ പിടികൂടി വനത്തിൽ കൊണ്ടുവിടുന്നതിന് വനംവകുപ്പ് തയ്യാറാക്കിയ സർപ്പ മൊബൈൽ ആപ്ളിക്കേഷനിൽ പി​ടി​കൂടുന്ന പാമ്പുകളുടെ വി​വരമി​ല്ല. പിടികൂടിയ പാമ്പുകളെ എന്തു ചെയ്യുന്നുവെന്ന് കണ്ടെത്താനുമാകുന്നില്ല. ഇതേതുടർന്ന് പാമ്പ് പിടിത്തത്തിന് പരിശീലനം ലഭിച്ച 62 വോളണ്ടിയർമാരെ വനംവകുപ്പ് പിരിച്ചുവിട്ടു.

വനംവകുപ്പിന്റെ അറിവോടെ പിടിക്കപ്പെടുന്ന പാമ്പുകളുടെ വിവരങ്ങൾ സർപ്പയിൽ ചേർക്കുന്നില്ലെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് 62 പേരെ പുറത്താക്കിയത്. പാമ്പുകളെ പിടിക്കുന്നതിനും വനത്തിൽ തുറന്നുവിടുന്നതിനും ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. പാമ്പുകളെ എവിടെ നിന്ന് പിടിക്കുന്നുവെന്നും എവിടെയാണ് തുറന്നുവിടുന്നതെന്നും ജി.പി.എസ് വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്ളിക്കേഷനാണ് സർപ്പ. സംസ്ഥാനത്ത് കൂടുതൽ പാമ്പുകളെ പിടിക്കുന്നത് ആലപ്പുഴയിലാണ്.

കൊന്നും... തിന്നും

ചട്ടം പാലിക്കാതെ പാമ്പുകളെ കൈകാര്യം ചെയ്യുകയും കൊന്ന് വെനവും എണ്ണയും എടുക്കുകയും വേവിച്ച് ഭക്ഷിക്കുകയും ചെയ്യുന്ന ലോബികൾക്ക് വിൽക്കുന്നതായി വനംവകുപ്പി​ന് തെളിവുകൾ ലഭിച്ചു. ചില ഫോറസ്റ്റ് ഓഫീസർമാർ പാമ്പുകളെ വിൽക്കുന്ന വാളണ്ടിയർമാർക്ക് കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയെങ്കിലും വകുപ്പുതല നടപടിയെടുത്തിട്ടില്ല. ഒരുവനിതാ ഫോറസ്റ്റ് ഓഫീസർ പാമ്പുകളെ അനധികൃതമായി കൈകാര്യം ചെയ്തതായി വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

സർപ്പ ആപ്പിലെ ആകെ വോളണ്ടിയർമാർ : 933

സർപ്പ മാനദണ്ഡങ്ങൾ ഇങ്ങനെ

1.പാമ്പുകളെ പിടികൂടിയാൽ ഉടൻ സർപ്പ ആപ്പിൽ രേഖപ്പെടുത്തണം.

2. പാമ്പുകളെ സമീപത്തെ വനംവകുപ്പ് ഓഫീസിൽ ഏൽപ്പിക്കണം.

3. കൺട്രോൾ റൂമിൽ സൂക്ഷിക്കുന്ന പാമ്പുകളെ ആർ.ആർ.ടി സംഘത്തിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിടണം.

"ദുരുപയോഗം വർദ്ധിച്ചതോടെ സർപ്പ ആപ്പിലെ മാനദണ്ഡങ്ങൾ കർശനമാക്കും.-വനംവകുപ്പ് അധികൃതർ.

കഴി​ഞ്ഞ വർഷങ്ങളി​ൽ സർപ്പ ആപ്പിൽ

രജിസ്റ്റർ ചെയ്ത പാമ്പുകളുടെ എണ്ണം

2022 - 10,263

2023 - 13,088

2024 - 17,072

2025 - 7579