വരാൻ പോകുന്നത് വമ്പൻ മാറ്റം; യാത്രക്കാരുടെ വലിയൊരു ബുദ്ധിമുട്ടിന് പരിഹാരമാകും
പാലക്കാട്: തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്‌പ്രസിൽ (നമ്പർ 20631/20632) മേയ് 22 മുതൽ നിലവിലേതിനെക്കാൾ ഇരട്ടിയിലേറെ പേർക്ക് യാത്ര ചെയ്യാം. നിലവിൽ 8 കാർ റേക്കുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ ഒരേ സമയം 530 പേർക്കേ യാത്ര ചെയ്യാനാകൂ.
എന്നാൽ മേയ് 22 മുതൽ 16 റേക്കുകളുമായിട്ടായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഏഴ് വന്ദേ ഭാരത് ചെയർ കാർ കോച്ചുകളും(സി.സി) ഒരു വന്ദേ ഭാരത് എക്സിക്യൂട്ടീവ് ചെയർകാർ കോച്ചും(ഇ.സി) ട്രെയിനിൽ അധികമായി ഉൾപ്പെടുത്തും. ഇത്രയും കോച്ചുകളിലായി 598 സീറ്റുകളാണുള്ളത്.
നിലവിലെ 530 സീറ്റുകൾ കൂടി ചേരുന്നതോടെ 1128 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാനാകും. ആകെ 14 ചെയർകാർ കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് ചെയർകാർ കോച്ചുകളുമാണ് ട്രെയിനിൽ ഉണ്ടാവുകയെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ പി.ആർ.ഒ അറിയിച്ചു. കേരളത്തിലൂടെയുള്ള വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൂടുതൽ പേർക്ക് സുഗമ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അധിക കോച്ചുകൾ ഉൾപ്പെടുത്തിയത്.
സമയക്രമം
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്‌പ്രസ്(20631) ദിവസവും രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. ട്രെയിൻ രാവിലെ 9.22ന് തിരൂരിലും 9.58ന് ഷൊർണൂരിലും എത്തും. മടക്ക ട്രെയിൻ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് മംഗളൂരുവിലെത്തും. ഷൊർണൂരിൽ രാത്രി 8.30നും തിരൂരിൽ രാത്രി 9.02നുമാണ് ട്രെയിൻ എത്തുക.