ആശങ്കയെ വേണ്ട; പ്ലസ് വണ്ണിന് 37,900 സീറ്റുകൾ

Sunday 11 May 2025 12:59 AM IST

കൊച്ചി: എസ്.എസ്.എൽ.സി ഫലം വന്നതിനു പിന്നാലെ ജില്ല പ്ലസ് വൺ പ്രവേശന ഒരുക്കങ്ങൾ ആരംഭിച്ചു. പ്ലസ് വണിന് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി കഴിഞ്ഞ വർഷത്തേതിന് സമാനമായി 37,900 സീറ്റുകളാണുള്ളത്. സർക്കാർ 11,640, എയ്ഡഡ് 20,460, അൺ എയ്ഡഡ് 5,800 എന്നിങ്ങനെയാണ് സീറ്റുകൾ.

എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ 99.76 ശതമാനത്തോടെ 32,789 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിലാകെ 67 സർക്കാർ സ്‌കൂളുകൾ, 92 എയ്ഡഡ് സ്‌കൂളുകൾ, 45 അൺ എയ്ഡഡ് സ്‌കൂളുകൾ, ഒന്നു വീതം സ്‌പെഷ്യൽ, റെസിഡൻഷ്യൽ സ്‌കൂളുകൾ, മൂന്ന് ടെക്‌നിക്കൽ സ്‌കൂളുകൾ എന്നിങ്ങനെ 209 ഹയർ സെക്കൻഡറി സ്‌കൂളുകളുണ്ട്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലായി ആകെ 651 ബാച്ചുകളാണുള്ളത്. ഒരു ബാച്ചിൽ 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.

വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ സീറ്റുകൾ 10 ശതമാനം വർദ്ധിപ്പിച്ച് 55 ആക്കാം. വീണ്ടും കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ 20 ശതമാനം വരെ വർദ്ധിപ്പിച്ച് 60 സീറ്റുകൾ വരെയാക്കാനും സാധിക്കും.

പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് സീറ്റുകളെക്കുറിച്ച് അന്തിമ വിലയിരുത്തലുകളും പരിശോധനകളും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണത്തിൽ മാറ്റങ്ങൾ വരാം. ജില്ലയിൽ 34 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 2,790 സീറ്റുകളുണ്ട്. ഇവിടെ 34 ൽ ലേറെ കോഴ്‌സുകളും ലഭ്യമാണ്.

സി.ബി.എസ്.ഇ കുട്ടികളെത്തിയാലും പ്രതിസന്ധിയില്ല സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചതിനു ശേഷം കുട്ടികൾ അഡ്മിഷന് വേണ്ടി എത്തിയാലും ജില്ലയ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഏകദേശം 500ഓളം സി.ബി.എസ്.ഇ കുട്ടികളാണ് ഹയർ സെക്കൻഡറിക്ക് ജില്ലയിൽ പ്രവേശനം നേടിയത്. ഈ വർഷവും ഈ കണക്കിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

എസ്.എസ്.എൽ.സിക്ക് ഇത്തവണ വിജയിച്ചത്--- 32,789

പ്ലസ് വണ്ണിന് ആകെ സീറ്റ്--- 37,900

സർക്കാർ--11,640

എയ്ഡഡ്--20,460

അൺ എയ്ഡഡ്--5,800

ആകെ ഹയർസെക്കൻഡറി സ്‌കൂളുകൾ--- 209

സർക്കാർ സ്‌കൂൾ --- 67 എയ്ഡഡ് സ്‌കൂൾ---92 അൺ എയ്ഡഡ്--45 ടെക്‌നിക്കൽ സ്‌കൂൾ --- 03 സ്‌പെഷ്യൽ സ്‌കൂൾ--- 01 റെസിഡൻഷ്യൽ സ്‌കൂൾ---01

പ്ലസ് വണിൽ നിലവിൽ ആവശ്യത്തിന് സീറ്റുകളുണ്ട്. കഴിഞ്ഞ വർഷവും മറ്റ് കാര്യമായ പ്രശ്‌നങ്ങൾ ഒന്നും വന്നിരുന്നില്ല. എ. ശങ്കരനാരായണൻ ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ