പഹൽഗ്രാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാർ; വിശദീകരണം നൽകി കേരള  സർവകലാശാല വകുപ്പ് മേധാവി

Saturday 10 May 2025 4:42 PM IST

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രണത്തെക്കുറിച്ച് സെമിനാർ നിശ്ചയിച്ചതിൽ കേരള സർവകലാശാല തമിഴ് ഡിപ്പാർട്ട്‌മെന്റ് മേധാവി രജിസ്ട്രാർക്ക് വിശദീകരണം നൽകി. തമിഴ് പ്രസിദ്ധീകരണത്തിലെ വിവാദ ലേഖനം ആസ്പദമാക്കി ചർച്ചയ്ക്ക് നിർദേശിച്ച ഗവേഷക വിദ്യാർത്ഥി മാപ്പ് പറഞ്ഞെന്നും വകുപ്പ് മേധാവി ഡോ. ഹെപ്സി റോസ് മേരി രജിസ്ട്രാറെ അറിയിച്ചു. രജിസ്ട്രാർ റിപ്പോർട്ട് വിസിക്ക് കെെമാറി.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തമിഴ് ഡിപ്പാർട്ട്മെന്റിന്റെ സെമിനാർ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. തമിഴ് പ്രസിദ്ധീകരണമായ ജനനായകത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ ദേശവിരുദ്ധമാണെന്ന് വ്യക്തമാക്കിയായിരുന്നു വിസിയുടെ വിലക്ക്.

ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം. വിലക്കിയ കാര്യം വിസി ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ വകുപ്പ് മേധാവിയിൽ നിന്ന് 24 മണിക്കൂറിനകം വിശദീകരണം ചോദിക്കാനും വിസി രജിസ്ട്രാറോട് നിർദേശിച്ചു. ഇതേ തുടർന്നാണ് രജിസ്ട്രാർ വിശദീകരണം ചോദിച്ചതും വകുപ്പ് മേധാവി ഡോ. ഹെപ്സി റോസ് മേരി മറുപടി നൽകിയതും.

വിവാദ ലേഖനം വാട്‌സാപ്പിലിട്ട വിദ്യാർത്ഥിക്ക് മെമ്മോ നൽകിയെന്നും മറുപടി കിട്ടിയെന്നും വകുപ്പ് മേധാവി രജിസ്ട്രാറെ അറിയിച്ചു. അനവസരത്തിൽ ഇത്തരം വിഷയം ചർച്ചയ്ക്കെടുക്കാൻ നിർദേശിച്ചതിൽ വിദ്യാർത്ഥിക്ക് തെറ്റ് പറ്റിയെന്നും മാപ്പ് ചോദിച്ചെന്നും ഹെപ്സി റോസ് മേരി റിപ്പോർട്ടിൽ പറയുന്നു. ലേഖനം വായിച്ചപ്പോൾ തന്നെ ഇതിന്മേൽ ചർച്ച വേണ്ടെന്നും നിർദേശിച്ചെന്ന് വകുപ്പ് മേധാവി അറിയിച്ചു. വിസി വിലക്കും മുൻപ് തന്നെ ചർച്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നതായും മേരി വ്യക്തമാക്കി.