സാമ്പത്തിക ബുദ്ധിമുട്ട്: കുഞ്ഞ് നിധിയുടെ കൈമാറ്റം നീളും

Sunday 11 May 2025 12:00 AM IST

കൊച്ചി: സാമ്പത്തിക പരാധീനതകളുള്ള ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള നടപടികൾ വൈകും. കുട്ടിയുടെ മാതാപിതാക്കളായ മംഗളേശ്വരിയെയും രഞ്ജിതയെയും കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള ജാർഖണ്ഡ് സി.ഡബ്ല്യു.സിയുടെ റിപ്പോർട്ട് എറണാകുളം സി.ഡബ്ല്യു.സിക്ക് ലഭിച്ചു.

ഹിന്ദിയിലുള്ള റിപ്പോർട്ട് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡി.സി.പി.യു) മുഖേന പരിഭാഷപ്പെടുത്തുന്ന ജോലി ഇന്നലെ പൂർത്തിയായി. റിപ്പോർട്ടിൽ ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടിയെ പോറ്റാനുള്ള സാഹചര്യങ്ങളിലെ പ്രതിസന്ധികളും വിശദീകരിക്കുന്നുണ്ട്. എന്നാൽ റിപ്പോർട്ടിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, ജാർഖണ്ഡ് സി.ഡബ്ല്യു.സിയുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് കേരളകൗമുദിയോട് സി.ഡബ്ല്യു.സി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് ജാർഖണ്ഡ് സി.ഡബ്ല്യു.സി റിപ്പോർട്ട് കൈമാറിയത്. അന്തിമ തീരുമാനം എടുക്കാൻ ഒരാഴ്ചയോളം സമയം എടുക്കും. കുട്ടിയെ കൈമാറാനാണ് തീരുമാനമെങ്കിൽ, അത് ജാർഖണ്ഡ് സി.ഡബ്ല്യു.സി മുഖേനയായിരിക്കും. അവിടുത്തെ സി.ഡബ്ല്യു.സിക്ക് കുട്ടിയെ കൈമാറിയ ശേഷം അവരാണ് മാതാപിതാക്കൾക്ക് നൽകുക.

കഴിഞ്ഞ 28ന് എറണാകുളത്ത് എത്തിയ ദമ്പതികൾ നോർത്ത് പോലീസ് സ്റ്റേഷനിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങിയിരുന്നു. അവർ കുഞ്ഞിനെ ലഭിക്കാൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സി.ഡബ്ല്യു.സി അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ പോയത്. ആശുപത്രിയിൽ മാറ്റിയ ദിവസം 23,000 രൂപ ബില്ലടച്ചെന്നും പിന്നീട് രണ്ട് ലക്ഷം രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നതെന്നുമായിരുന്നു മാതാപിതാക്കളുടെ വാദം. അതേസമയം, കുട്ടി അങ്കമാലിയിലെ ഷെൽട്ടർ ഹോമിൽ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു.