ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണമെന്ന് വിവരം, നഷ്ടപ്പെട്ടത് 12 പവൻ വരുന്ന സ്വർണക്കമ്പി

Saturday 10 May 2025 5:27 PM IST

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടു വന്ന സ്വർണക്കമ്പി മോഷണം പോയെന്ന് വിവരം. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന കമ്പിയാണ് മോഷണം പോയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീകോവിലിൽ അറ്റക്കുറ്റപ്പണികൾ നടന്നുവരികയായിരുന്നു. മേയ് ഏഴിനാണ് അവസാനമായി പണി നടന്നത്.

ഇന്ന് സ്റ്റോർ റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് കമ്പി കാണാതായ വിവരം മനസിലായതെന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. സ്റ്റോർ റൂമും പരിസരവും പൊലീസ് നിരീക്ഷണത്തിലാണെന്നും മോഷണത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രപരിസരത്തും ശ്രീകോവിൽ ഭാഗത്തുമുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഫോർട്ട് പൊലീസ് വ്യക്തമാക്കി.