'ഇത്തരം പരസ്യങ്ങളിൽ വീഴരുത്'; തട്ടിപ്പുകാർ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

Saturday 10 May 2025 6:24 PM IST

തിരുവനന്തപുരം: പരസ്യങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാദ്ധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിംഗിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.

'ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാർ സജീവമാണ്. ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിന് ശേഷം മാത്രം പണം ഇൻവെസ്റ്റ് ചെയ്യുക. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ പൊലീസിനെ അറിയിക്കുക'- കുറിപ്പിൽ കേരള പൊലീസ് അറിയിച്ചു.

അതേസമയം, സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.