കോച്ച് ഫാക്ടറിക്കുള്ള സ്ഥലത്ത് പകരം സംരംഭം വേണമെന്ന് നാട്ടുകാർ
കഞ്ചിക്കോട്: കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് പരിസരവാസികൾക്ക് തൊഴിൽ കിട്ടുന്ന രീതിയിലുള്ള സംരംഭം തുടങ്ങണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. കോച്ച് ഫാക്ടറി വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ സ്ഥലം വിട്ടുകൊടുത്തത്. സ്ഥലം കൊടുക്കുന്നവരുടെ കുടുംബത്തിൽ ഒരാൾക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ കോച്ച് ഫാക്ടറിയും വന്നില്ല, ആർക്കും തൊഴിലും കിട്ടിയില്ല, സ്ഥലം നഷ്ടപ്പെടുകയും ചെയ്തു. റെയിൽവേയുടെ അധീനതയിലുള്ള ഈ സ്ഥലം ഉപയോഗമില്ലാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിൽ ആവശ്യപ്പെട്ട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ സമിതി രൂപീകരിച്ച് സമരം തുടങ്ങാനൊരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, വിവിധ സംഘടനാ ഭാരവാഹികൾ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുക്കാനാണ് തീരുമാനം. പാലക്കാട് വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിക്കുമ്പോൾ അതിന്റെ നഷ്ടം നികത്താനായാണ് ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. കേരള സർക്കാർ 239 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകി.എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ കോച്ച് ഫാക്ടറി ഹരിയാനയ്ക്ക് അനുവദിച്ചു. കഞ്ചിക്കോട് ഏറ്റെടുത്ത സ്ഥലം ആനകളുടെയും കന്നുകാലികളുടെയും വിഹാരകേന്ദ്രമായി മാറുകയും ചെയ്തു. തറക്കല്ലിട്ട് 13 വർഷം പിന്നിടുമ്പോൾ നീതി കിട്ടാൻ പ്രക്ഷോഭമല്ലാതെ മറ്റ് മാർഗമില്ലെന്ന തിരിച്ചറിവിലാണ് നാട്ടുകാർ. തറക്കല്ലിടൽ വാർഷിക ദിനത്തിൽ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു.
കേന്ദ്ര സർക്കാർ കഞ്ചിക്കോട് ജനതയെ വഞ്ചിച്ചു. സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കോച്ച് ഫാക്ടറി ഹരിയാനയ്ക്കാണ് അനുവദിച്ചത്. സ്ഥലം ഏറ്റെടുപ്പിന് പിന്നിൽ വലിയ ശ്രമങ്ങളും ത്യാഗങ്ങളും ഉണ്ടായിരുന്നു.
എസ്.ബി.രാജു, സി.ഐ.ടി.യു
സംസ്ഥാന കമ്മിറ്റിയംഗം
കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ജനങ്ങൾ നൽകിയ സ്ഥലം കേന്ദ്ര സർക്കാർ ഒരു പദ്ധതിയും തുടങ്ങാതെ വെറുതെ ഇടുന്നത് ശരിയായ നടപടിയല്ല. വ്യവസായ ഇടന്നാഴി വരുന്നതിന്റെ ഭാഗമായുള്ള എന്തെങ്കിലും പദ്ധതികൾ ഇവിടെ തുടങ്ങണം.
എസ്.ജയകാന്തൻ, കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം